‘അവര്‍ ഇപ്പോൾ ഇന്ത്യാക്കാരിയാണ്’; സീമ ഹൈദറുടെ അഭിഭാഷകൻ

Indian

നോയിഡ: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ പൗരന്മാര്‍ രാജ്യം വിടണമെന്ന ഉത്തരവിന് പിന്നാലെ ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പബ്ജി കളിക്കിടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ സീമ നോയിഡ സ്വദേശി സച്ചിൻ മീണയെ വിവാഹം കഴിച്ചിരുന്നു.Indian

പാകിസ്താനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും സീമ പാകിസ്താൻ പൗരയല്ലാത്തതിനാൽ അവർക്ക് ഇന്ത്യയിൽ താമസിക്കാൻ അനുവാദം ലഭിക്കുമെന്ന് അവരുടെ അഭിഭാഷകൻ പ്രതീക്ഷിക്കുന്നു. “സീമ ഇപ്പോൾ പാകിസ്താൻ പൗരയല്ല. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയെ അവർ വിവാഹം കഴിച്ചു, അടുത്തിടെ ദമ്പതികൾക്ക് ഭാരതി മീന എന്ന മകൾ ജനിച്ചിരുന്നു. അവരുടെ പൗരത്വം ഇപ്പോൾ ഇന്ത്യൻ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കേന്ദ്രത്തിന്‍റെ നിർദ്ദേശം അവർക്ക് ബാധകമാകരുത്,” അഭിഭാഷകൻ എ.പി സിങ് പിടിഐയോട് പറഞ്ഞു. “സീമ ഇന്ത്യയിലാണ്, അവർ ഇന്ത്യക്കാരിയാണ്. വിവാഹശേഷം ഭർത്താവ് ഏത് ദേശീയതയിലാണ് ജീവിക്കുന്നതെന്ന് നോക്കിയാണ് ഒരു സ്ത്രീയുടെ ദേശീയത നിർണയിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഇതിനകം അന്വേഷണം നടത്തുന്നതിനാൽ അവരുടെ കേസ് വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അവർക്കുവേണ്ടി ഞാൻ ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു ഹരജിയും സമർപ്പിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ അവർ ഗ്രേറ്റർ നോയിഡയിലെ റബുപുരയിലുള്ള അവരുടെ ഭർതൃവീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് ഉള്‍പ്പെടെ ജെവാർ കോടതി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പൂർണമായും പാലിച്ചു,” സിങ് കൂട്ടിച്ചേർത്തു. “ഒരു കുഞ്ഞിന് ഏറ്റവും നല്ല രക്ഷിതാവ് അമ്മയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയും ഗാർഡിയൻഷിപ്പ് നിയമവും വ്യക്തമായി പറയുന്നു. ഇന്ത്യയിൽ ജനിക്കുന്ന ഒരു മകളെ പാകിസ്താനിലേക്ക് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു. സീമയുടെ വിവാഹവും മാതൃത്വവും സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഉത്തർപ്രദേശ് സർക്കാർ നൽകിയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ സീമ മീണയെ അമ്മയായും സച്ചിൻ മീണയെ പിതാവായും നാമകരണം ചെയ്തിട്ടുണ്ട്” സിങ് വ്യക്തമാക്കി. ഈ വാദങ്ങൾ സീമയ്ക്ക് കേന്ദ്രത്തിന്‍റെ നിർദേശത്തിൽ നിന്ന് ഇളവ് ഉറപ്പാക്കുമോ എന്ന ചോദ്യത്തിന്, “അവൾക്ക് ഇളവിന് അർഹതയുണ്ട്. കുട്ടി അമ്മയോടൊപ്പം തന്നെ തുടരണമെന്ന് ഗാർഡിയൻഷിപ്പ് ആക്ട് പറയുന്നു” എന്ന് സിങ് പറഞ്ഞു.

നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.അവിടെ വച്ച രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സ്വരൂപിക്കുകയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയുമായിരുന്നു. 2023 മേയ് മാസത്തിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍. നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചിരുന്നു. പാക് പൗരൻമാർ ഇന്ത്യ വിടണമെന്നും പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡ് നീക്കി. പാകിസ്താന്‍റെ എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ പൂട്ടി. ഇന്ത്യ നയതന്ത്ര നടപടികൾ കടുപ്പിച്ചതിന് പിന്നാലെ ബദൽ നടപടികളുമായി പാകിസ്താനും രംഗത്തെത്തി. വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനും ദേശീയ സുരക്ഷാസമിതി യോഗത്തിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *