‘ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു; മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു’; പിവി അന്‍വര്‍

'UDF leaders asked to wait for one more day; expecting a dignified solution'; PV Anwar

 

ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപനമില്ലെന്നും പി വി അന്‍വര്‍. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി.

മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴേ പ്രഖ്യാപിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ല. അതിലെന്നെ സഹായിക്കാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എല്ലാവരും ഒരേ സ്വരത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അവരുടെയിടയില്‍ ഞാന്‍ വളരെ ചെറിയൊരു മനുഷ്യനാണ്. ഈ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇപ്പോള്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ തത്കാലത്തേക്ക് മാറ്റി വെക്കുകയാണ്. മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നു. – അന്‍വര്‍ പറഞ്ഞു. ഇന്ന് 11 രാവിലെ മണിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗമുണ്ടെന്നും അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ – യുഡിഎഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നതായും വിവരമുണ്ട്. ഘടകക്ഷിയാക്കാമെന്നതില്‍ ഉറപ്പ് ലഭിച്ചതായാണ് സൂചന. സാമുദായിക നേതാക്കളുമായും ചര്‍ച്ച നടക്കുന്നു.

യുഡിഎഫിന്റെ പൂര്‍ണ്ണ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് 7:00 മണിക്ക് ഓണ്‍ലൈനായി ചേരും. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് അന്‍വറിനു മുന്നില്‍ വെച്ച ഉപാധി.

Leave a Reply

Your email address will not be published. Required fields are marked *