'ഭാര്യയും കുഞ്ഞുമുണ്ട് ഇവിടെ എവിടെയോ..!, അവരെ കാണണം, കൈയിലുള്ള ചാക്കിൽ കുഞ്ഞിനുള്ള ഉടുപ്പാണ്, ഭാര്യക്കുള്ള ചുരിദാറും, കള്ളനെന്ന് പറഞ്ഞ് എല്ലാവരും മാറ്റിനിർത്തി'; സ്നേഹത്തിന്റെ കഥപറഞ്ഞ് ഇടുക്കി പൊലീസ്
തൊടുപുഴ: പാലക്കാട് വാളയാറിൽ മോഷ്ടാവെന്നും ബംഗ്ലാദേശിയെന്നും ആരോപിച്ച് ബി.ജെ.പി പ്രവർത്തകരടങ്ങുന്ന സംഘം തല്ലിക്കൊന്ന ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിന്റെ മരണം സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ ചൂട്പിടിക്കുമ്പോൾ മനസാക്ഷി മരിക്കാത്ത മലയാളി ഇനിയുമേറെ ബാക്കിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ഇടുക്കി പൊലീസ്.
ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ജീവനുകളും കുടുംബങ്ങളുമാണ് ഒരോന്നുമെന്ന മുന്നറിയിപ്പിൽ പങ്കുവെച്ച കുറിപ്പിൽ ഝാർഖണ്ഡ് സ്വദേശിയെ ഭാര്യക്കും കുഞ്ഞുമക്കൾക്കുമടുത്ത് സുരക്ഷിതമായി എത്തിച്ചതിന്റെ സന്തോഷമാണ് നിറയുന്നത്.
ഇടുക്കി ജില്ല പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
“കഴിഞ്ഞ ദിവസം പനംകുട്ടിയിലും, പകുതിപ്പാലത്തും പരിസരപ്രദേശങ്ങളിലും ഉള്ള വീടുകളിൽ കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വന്നു.
ഉടനെ സബ് ഇൻസ്‌പെക്ടർമാരായ താജുദ്ദീൻ, അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെരീഫ് പി എ എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിക്കഴിഞ്ഞപ്പോൾ അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞില്ല. സമീപപ്രദേശങ്ങളിലും വഴിയിലൂടെ വന്ന വാഹനങ്ങളിലും ചോദിച്ചപ്പോൾ ഒരാൾ പനംകുട്ടിയിൽ നിന്നും നേര്യമംഗലം റൂട്ടിലേക്ക് വിജനമായ റോഡിലൂടെ നടന്നു പോകുന്നതായി പറഞ്ഞു.
സ്റ്റേഷൻ പരിധി കഴിഞ്ഞെങ്കിലും അയാളെ കണ്ടെത്താനും ആരാണെന്നറിയുന്നതിനും വേണ്ടി നേരെ നേര്യമംഗലം റോഡിലൂടെ മുന്നോട്ട് പോയി. പാംബ്ള ഡാമിനടുത്ത് എത്തിയപ്പോൾ ഒരു ചാക്ക് പുറത്ത് തൂക്കി മുഷിഞ്ഞ വേഷം ധരിച്ച് ഒരാൾ വേച്ച് വേച്ച് നടന്ന് നീങ്ങുന്നത് കണ്ട് അയാളോട് കാര്യങ്ങൾ തിരക്കിയപ്പോൾ ആള് ശരീരമാകെ വിറക്കുന്ന അവസ്ഥയിലായിരുന്നു. പേര് ‘ബറൻ മറാണ്ടി’, ഝാർഖണ്ഡ് സ്വദേശി ആണെന്നും, ഒരു മാസം മുമ്പ് കേരളത്തിലേക്ക് തന്റെ ഭാര്യ കുഞ്ഞുമക്കളോടൊപ്പം ഏലക്ക നുള്ളുന്നതിനായി ജോലിക്ക് വന്നിട്ടുണ്ടെന്നും, താൻ അവരുടെ അടുത്തേക്ക് വന്നതാണെന്നും പറഞ്ഞു. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ട്രെയിൻ ഇറങ്ങി കോൺട്രാക്ടറോടൊപ്പം വന്നതാണെന്നും പിന്നീട് എപ്പോഴോ അയാളെ മിസ്സായെന്നും, അങ്ങനെ ഈ വനമേഖലയിൽ വന്ന് ബസിറങ്ങിയതാണെന്നും പറഞ്ഞു. കൈയിൽ ഫോണുമില്ല, മറ്റ് ഭാഷകളും അറിയില്ലാ. പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം ഹിന്ദിയിൽ ചോദിച്ചു മനസ്സിലാക്കി. അങ്ങനെ രണ്ട് ദിവസമായി അഞ്ചാറ് കിലോമീറ്റർ ദൂരത്തിൽ കോൺട്രാക്ടറെയും തന്റെ കുടുംബത്തേയും അന്വേഷിച്ച് നടന്നതാണെന്നും അയാൾ പറഞ്ഞു. പക്ഷേ മോഷ്ടാവാണെന്ന് കരുതി എല്ലാവരും അകറ്റി നിർത്തി. ഭാഷയും അറിയില്ല.
കുടുംബവും നഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായതിനാൽ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു. ഉടനേ പാംബ്ള ഡാമിലെ ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർ അവർക്കായി കരുതിയ ഭക്ഷണം അയാൾക്ക് നൽകി. ആൾ ഒരു വിധം ഉഷാറായി. ആദ്യം തന്നെ ഭക്ഷണം നൽകിയ ശേഷമാണ് കാര്യങ്ങൾ കൂടുതലും ചോദിച്ചറിഞ്ഞത്. അയാൾക്ക് പോകാനുള്ള സ്ഥലത്തെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിയിട്ടിരുന്ന ലഗേജ്, വഴിയിൽ എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അത് പൊലീസുകാർ തിരഞ്ഞ് കണ്ടെടുത്തു. ഒരു ചെറിയ ചാക്ക്. അതിൽ അയാളുടെ കുഞ്ഞിനുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാർ, കുറച്ച് വസ്ത്രങ്ങളും കുഞ്ഞിന്റെ ആധാർ കാർഡ്, ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറും ഉണ്ടായിരുന്നു.
ഉടനേ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. ഝാർഖണ്ഡ് സ്വദേശികൾ തന്നെയാണ് ഫോണെടുത്തത്. ഒന്നും മനസ്സിലാകാത്തതിനാൽ മലയാളികളാരെങ്കിലുമുണ്ടെങ്കിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. അങ്ങനെ സംസാരിച്ചപ്പോൾ അണക്കരയിലുള്ള ഒരു സ്ഥാപനമാണെന്നും അവിടെ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭർത്താവിനെ മിസ്സായിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് ഒരു കെ.എസ്.ആർ.ടി.സി ബസിൽ കാര്യങ്ങൾ കണ്ടക്ടറെ പറഞ്ഞ് മനസ്സിലാക്കി ബറൻ മറാണ്ടിയെ കയറ്റി അണക്കരക്ക് വിട്ടു. കണ്ടക്ടർ അയാളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന കാര്യം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു. മലയാളിയുടെ ഫോൺ നമ്പറും ജാർഖണ്ഡ് നമ്പറും എഴുതി നൽകി അവരെ യാത്രയാക്കി. പക്ഷേ അര മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടറുടെ കോൾ വന്നു. മലയാളിയുടെ നമ്പർ സ്വിച്ച് ഓഫ്.
അൽപം ടെൻഷനായി. ഝാർഖണ്ഡ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ മലയാളിയുടെ ഫോൺ ബാറ്ററി തീർന്ന് ഓഫായതാണെന്നും ചാർജ് ചെയ്യാൻ ഇട്ടിരിക്കയാണെന്നും അറിഞ്ഞു. ബറൻ മറാണ്ടി ഇപ്പോൾ കുടുംബത്തോടൊപ്പം അണക്കരയിലെ നന്ദീശ ആശ്രമത്തിലെ തോട്ടത്തിൽ പണിയെടുത്ത് സന്തോഷവാനായി ജീവിക്കുന്നു. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമായേക്കാവുന്ന ജീവനുകളും കുടംബങ്ങളുമാണോരോന്നും. ഭാര്യക്കൊപ്പമുള്ള ഫോട്ടോ അയച്ച് തന്നിരുന്നു.”
