സമം സാംസ്കാരികോത്സവത്തിന് നാളെ തുടക്കമാകും

കോഴിക്കോട്: സമം സാംസ്കാരികോത്സവത്തിന് ജില്ലയിൽ നാളെ (മാർച്ച്‌ 17) തുടക്കമാകും. ടൗൺഹാളിൽ വൈകുന്നേരം 6 മണിക്ക് പ്രമുഖ അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന സാക്ഷരതാ അതോറിറ്റി എന്നിവ സംയുക്തമായാണ് സമം സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.

നാളെ (മാർച്ച്‌ 17) രാവിലെ 9.30 ന് പുസ്തകോത്സവത്തോടെ ആരംഭിക്കുന്ന പരിപാടി മാർച്ച് 19 വരെ തുടരും. കേരളത്തിലെ സാംസ്കാരിക പ്രമുഖർ, പ്രഗൽഭ വ്യക്തിത്വങ്ങൾ, കലാപ്രതിഭകൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

അക്കാദമിക സെമിനാറുകൾ, പ്രഭാഷണങ്ങൾ, സർഗ്ഗസംവാദം, ഗസൽമഴ, സംഗീത രാവ്, നൃത്ത സന്ധ്യ, രാജസ്ഥാനി നൃത്തം, നാടൻ കലാവിരുന്നുകൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. കവിതാലാപന മത്സരം, തൽസമയ വനിതാ ചിത്രരചന എന്നിവയും നടക്കും.
രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര പ്രദർശനവും നാടകവും അരങ്ങേറും.

മാർച്ച് 19ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായിരിക്കും. ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളിൽ പ്രഗൽഭരായ വനിതകൾക്ക് ആദരം നൽകും.

Leave a Reply

Your email address will not be published. Required fields are marked *