തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി; സ്വതന്ത്രൻ പിന്തുണക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബി.ജെ.പി. സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ ബി.ജെ.പിയെ പിന്തുണക്കും.
ഇതോടെ 101 അംഗ കോർപറേഷനിൽ പാർട്ടി കേവല ഭൂരിപക്ഷമായ 51 പേരുടെ പിന്തുണ ഉറപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കാമെന്ന് പാറ്റൂർ രാധാകൃഷ്ണൻ അറിയിച്ചതായാണ് വിവരം. പിന്തുണ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ മാത്രമായിരിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞെങ്കിലും എൻ.ഡി.എക്ക് കേവല ഭൂരിപക്ഷമായ 51 എന്ന മാജിക്സംഖ്യ സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നാലെയാണ് മേയർ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കിയത്. വി.വി. രാജേഷാണ് ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി.
ആശാ നാഥാണ് പാർട്ടിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. കോര്പറേഷന് കണ്ണമൂല വാര്‍ഡില്‍നിന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന് ജയിച്ചത്. കൂടാതെ, പൗഡ്കടവ് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും ജയിച്ചിരുന്നു. എൽ.ഡി.എഫ് -29, യു.ഡി.എഫ് -19, മറ്റുള്ളവർ -2 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ കേരളത്തിൽ ബി.ജെ.പിയുടെ ആദ്യ മേയറാകും വി.വി രാജേഷ്. ആർ. ശ്രീലേഖ മേയറാകുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഒരു വിഭാഗം ഇതിനെ എതിർത്തു.
വിഷയത്തിൽ ശ്രീലേഖയുടെ വീട്ടിൽ നടന്ന ചർച്ചയിൽ നേതാക്കൾ കാര്യം ധരിപ്പിക്കുകയും ചെയ്തു.രാജേഷിന് ആർ.എസ്.എസ് വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. ശ്രീലേഖക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത ഉള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. ഇടതുകോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷൻ 40 വർഷത്തിനു ശേഷമാണ് ബി.ജെ.പി നേടുന്നത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ യു.ഡി.എഫും പ്രഖ്യാപിച്ചു.
കവടിയാർ വാർഡിൽനിന്ന് ജയിച്ച മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനാണ് മേയർ സ്ഥാനാർഥി. കുന്നംകുഴി വാർഡിൽനിന്ന് ജയിച്ച മേരി പുഷ്പം ഡെപ്യൂട്ടി മേയർസ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. പുന്നക്കാമുഗൾ കൗൺസിലറായ ആർ.പി. ശിവജിയാണ് സി.പി.എമ്മിന്റെ മേയർ സ്ഥാനാർഥി.
