തടവുകാരിൽനിന്ന് കൈക്കൂലി; ജയിൽ മേധാവിക്കും പങ്കെന്ന് മുൻ ഡി.ഐ.ജി
തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡി.ഐ.ജി പി. അജയകുമാർ രംഗത്ത്. തടവുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.കെ. വിനോദ് കുമാറിന്റെ അഴിമതിയുടെ വിഹിതം ബൽറാം കുമാർ ഉപാധ്യായക്കും ലഭിച്ചെന്നാണ് ആരോപണം.
എം.കെ. വിനോദ് കുമാറും ബൽറാം കുമാറും തമ്മിൽ അടുത്ത ബന്ധമുണ്ട്. വിനോദ് കുമാറിനെതിരെ പരാതി നൽകിയതിന് ബൽറാം കുമാർ ഉപാധ്യായ തന്നോട് വൈരാഗ്യത്തോടെ പെരുമാറിയെന്ന് അദ്ദേഹം ആരോപിച്ചു.
പരോൾ അനുവദിക്കുന്നതിനുൾപ്പെടെ തടവുകാരിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ജയിൽ മേധാവിക്കും സംഭവത്തിൽ പങ്കുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്.
ടി.പി കേസ് പ്രതികൾക്ക് പരോൾ നൽകിയ സംഭവങ്ങൾക്ക് പിന്നിലും എം.കെ. വിനോദ്കുമാർ-ബൽറാം കുമാർ ഉപാധ്യായ കൂട്ടുകെട്ടാണ്. വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെ കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു. ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടിമറിച്ചെന്നും പി. അജയകുമാർ ആരോപിക്കുന്നു. വിനോദ് കുമാറിനെതിരെ പരാതി നല്കിയതിന് തന്നെ ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പെന്ഷന് ആനുകൂല്യം പോലും നല്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ രംഗത്തെത്തി. തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുന്നെന്നും പി. അജയകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജയിലിലെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണ്.
ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വി.ഐ.പി സൗകര്യവും അനധികൃത സന്ദർശനവും ഒരുക്കിയതിന് സസ്പെൻഷനിലായ വ്യക്തിയാണ് പി. അജയകുമാർ. ആ വൈരാഗ്യം തീർക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
