സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം പോയി; യു.ഡി.എഫ് അധികാരത്തില്‍
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
2020ല്‍ യു.ഡി.എഫിന് മൂന്നും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അവിണിശേരി പഞ്ചായത്തില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര് കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സി.പി.എം ആരോപിച്ചിരുന്നു.
അതേസമയം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ 60 വർഷത്തെ ഭരണം യു.ഡി.എഫ് കൈവിട്ടു. എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യമാണ് പഞ്ചായത്തിൽ ഭരണം പിടിച്ചത്. എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് എട്ട്, യു.ഡി.എഫ് ഏഴ്, ബി.ജെ.പി രണ്ട്, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇതിൽ സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തി വരികയായിരുന്നു. ഒടുവിൽ സി.പി.എം വിമത എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു.
എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി പ്രമോദ് ഒമ്പത് വോട്ടിന് വിജയിച്ചു. സി.പി.എം വിമത ഗ്രീഷ്മക്ക് വൈസ് പ്രസിഡന്റാകും. ആദ്യത്തെ രണ്ടര വർഷം സി.പി.എമ്മും ശേഷിക്കുന്ന രണ്ടര വർഷം എ.വി. ഗോപിനാഥിന്റെ ഐ.ഡി.എഫ് പ്രതിനിധിയും പ്രസിഡന്റ് പദം വീതം വെക്കും. സി.പി.എം വിമത അഞ്ച് വർഷം വൈസ് പ്രസിഡന്റ് പദവിയിൽ തുടരും.
