സഹോദരനൊപ്പം കളിക്കുന്നതിനിടെ ആറു വയസ്സുകാരനെ വീട്ടിൽനിന്ന് കാണാതായി
ചിറ്റൂർ: ആറു വയസ്സുകാരനെ വീട്ടിൽനിന്ന് കാണാതായി. തത്തമംഗലം അമ്പാട്ടുപാളയം കറുക മണി സ്വദേശി മുഹമ്മദ് അനസിന്റെ മകൻ സുഹാനെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിനുമുന്നിൽ സഹോദരനൊപ്പം കളിക്കുകയായിരുന്നു.
ചിറ്റൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫയർഫോഴ്സും ചിറ്റൂർ പൊലീസും പരിസരപ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി. ഫയർഫോഴ്സ് സംഘം സമീപത്തെ കുളത്തിലും കിണറുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ജില്ല പൊലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നൽകി. ഡോഗ്സ്കോഡും പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
