ടെസ്റ്റ് ടീമിന് പ്രത്യേക കോച്ച് പ്ലാനുമായി ബി.സി.സി.ഐ; മുൻ ഇതിഹാസ താരത്തെ സമീപിച്ചുവെങ്കിലും നിരസിച്ചതായി റിപ്പോർട്ട്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നാണംകെടുന്നതിനിടെ കോച്ചിനെ മാറ്റാനുള്ള ആലോചനയുമായി ബി.സി.സി.ഐ. നിലവിൽ മൂന്ന് ഫോർമാറ്റുകളുടെയും പരിശീലകനായി ഗൗതംഗംഭീറിൽ നിന്നും ടെസ്റ്റ് ചുമതല ഒഴിവാക്കി ‘സ്പ്ലിറ്റ് കോച്ച്’ പദ്ധതി ആലോചിക്കുന്നതായാണ് റിപ്പോർട്ട്.
ടെസ്റ്റ് കോച്ചിങ് സ്ഥാനം ഏറ്റെടുക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തെ ബോർഡ് സമീപിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെയായിരുന്നു ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ എന്ന ആശയവുമായ ഇന്ത്യയുടെ മുൻ ഇതിഹാസ താരവും, ടെസ്റ്റ് സ്പെഷലിസ്റ്റുമായ വി.വി.എസ് ലക്ഷ്മണിനെ സമീപിച്ചത്. പ്രത്യേക ദൂതൻ വഴിയായിരുന്നു ടെസ്റ്റ് ടീം കോച്ചിങ് പദവി ഏറ്റെടുക്കാനുള്ള അഭ്യർത്ഥനയുമായെത്തിയത്. എന്നാൽ, വി.വി.എസ് ലക്ഷ്മൺ ഈ ആവശ്യം നിരസിച്ചു. നിലവിൽ ബി.സി.സി.ഐയുടെ ബംഗളൂരുവിലെ ക്രിക്കറ്റ് എക്സലൻസ് സെന്റർ മേധാവിയായി തുടരുന്ന വി.വി.എസ് ഈ പദവിയിൽ തന്നെ തുടരാനാണ് താലപര്യമെന്ന് അറിയിച്ച്, ഓഫർ നിരസിക്കുകയായിരുന്നു.
2027 ഏകദിന ലോകകപ്പ് വരെ കരാർ നിലവിലുള്ള ഗംഭീറിനു കീഴിൽ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിൽ ബി.സി.സി.ഐയും സംതൃപ്തരല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലും, ഏഷ്യാകപ്പിലും ഗംഭീറിനു കീഴിൽ ടീം കിരീടവിജയം നേടിയെങ്കിലും, ടെസ്റ്റിലെ ദയനീയ തോൽവി കടുത്ത വിമർശനമാണ് സമ്മാനിക്കുന്നത്. 2012നും 2024നുമിടയിൽ സ്വന്തം മണ്ണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പ തോൽവി ഗംഭീറിനു കീഴിലായത് വലിയ നാണക്കേടായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 3-0ത്തിനായിരുന്നു തോറ്റത്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ ടീമിന്റെ പ്രകടന ദയനീയമായിരുന്നു. ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കക്കെതിരെയും ഹോ ഗ്രൗണ്ടിൽ 2-0ത്തിന് തോറ്റതോടെ ഗംഭീറിനെ മാറ്റണമെന്ന മുറവിളിയും ഉയർന്നു.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഒമ്പത് ടെസ്റ്റുകൾ കൂടി ബാക്കിനിൽക്കെ ഗംഭീറിനെ നിലനിർത്താൻ ബി.സി.സി.ഐക്കും താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. അടുത്തവർഷം ശ്രീലങ്കക്കും, ന്യൂസിലൻഡിനുമെതിരായ എവേ ടെസ്റ്റുകളും, പിന്നാലെ, 2027 ജനുവരിയിൽ ആസ്ട്രേലിയക്കെതിരെ ഹോം ഗ്രൗണ്ടിൽ അഞ്ച് ടെസ്റ്റുകളും മുന്നിലുണ്ട്.
വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലെ ടീമിന്റെ പ്രകടനം ഗംഭീറിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണാകയകമായി മാറുമെന്നാണ് വിലയിരുത്തൽ. ബി.സി.സി.ഐ ഉന്നതങ്ങളിൽ വലിയ സ്വാധീനമുള്ള ഗംഭീറിനെ ഏകദിന-ട്വന്റി20 ഫോർമാറ്റിൽ നിന്നും ഉടൻമാറ്റാൻ സാധ്യതയില്ല. എന്നാൽ, ടെസ്റ്റിലെ നിരന്തര തോൽവികൾ ബദൽ തേടാനും ബോർഡിനെ നിർബന്ധിതരാക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, വി.വി.എസ് ലക്ഷ്മൺ ഓഫർ നിരസിച്ചതോടെ ഈ ദൗത്യം ആരെ ഏൽപിക്കുമെന്ന ആശങ്ക തന്നെയാണ് ഗംഭീറിന് അനുകൂലമായി മാറുന്നത്. അതുകൊണ്ട് തന്നെ, തിരക്കിട്ട് പകരക്കാരനെ കണ്ടെത്താതെ കാത്തിരുന്ന് തീരുമാനമെടുക്കാനാവും ബി.സി.സി.ഐ തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റിലെ പോസ്റ്റർബോയ് ആയി ഉയർത്തികൊണ്ടുവന്ന ശുഭ്മാൻഗിൽ ഫോം ഔട്ടായതും, ട്വന്റി20 ലോകകപ്പ് ടീമിൽ നിന്നുള്ള പുറത്താവലുമെല്ലാമായി ഗംഭീറിനും ഇത് തിരിച്ചടിയുടെ കാലമാണ്.
ട്വന്റി20ലോകകപ്പും, പിന്നാലെ ഐ.പി.എല്ലും നടക്കുമ്പോൾ ‘സ്പ്ലിറ്റ് കോച്ചിങ്’ എന്ന നിർണായക തീരുമാനത്തിലെത്താൻ ബി.സി.സി.ഐക്ക് മുന്നിൽ ഏറെ സമയമുണ്ട്.
