പി.വി. അൻവറിനെ സ്വാഗതം ചെയ്ത് കുന്ദമംഗലത്തും ഫ്ലക്സ്
കോഴിക്കോട്: ബേപ്പൂരിന് പിന്നാലെ കുന്ദമംഗലത്തും മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ്. ‘പി.വി. അൻവറിന് കുന്ദമംഗലത്തിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്നാണ് തൃണമൂൽ കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ പേരിലുള്ള ഫ്ലക്സിൽ എഴുതിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
അൻവറിനെ സ്വാഗതം ചെയ്ത് പട്ടാമ്പി, തവനൂർ മണ്ഡലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അൻവർ ബേപ്പൂരിലേക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ഫ്ലക്സ് ബോർഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ജലമേള ഉദ്ഘാടനം ചെയ്യാൻ സ്ഥലം എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരിൽ എത്തുന്ന ദിവസം ബോർഡുകൾ സ്ഥാപിച്ചത് കൗതുകമായി. പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് പി.വി. അൻവർ പ്രഖ്യാപിച്ചിരുന്നു.
തൃണമൂല് കോൺഗ്രസിനെ യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് നേതാവായ പി.വി. അൻവറിനെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി സ്വാഗതം ചെയ്ത് വിവിധ മണ്ഡലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, യു.ഡി.എഫ് എവിടെ പറഞ്ഞാലും മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടക്കൽ കത്തിവെക്കുന്ന നിലപാട്. ഒരു ഇടത് പക്ഷ മുഖ്യമന്ത്രിയിൽ നിന്നുണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യും.
പിണറായിസത്തെയും മരുമോനിസത്തെയും തോൽപിക്കാൻ യു.ഡി.എഫിനൊപ്പം നിൽക്കും. താൻ മത്സരിക്കുന്നതിനേക്കാളും പ്രധാനം യു.ഡി.എഫ് അധികാരത്തിൽ എത്തിക്കുക എന്നതാണെന്നും അൻവർ വ്യക്തമാക്കി.
