മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം

കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പർ ഡീലക്സ് ബസ് മലപ്പുറം ഡിപ്പോയിൽനിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലർച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷൻ കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.
ബസിൽനിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിക്കുകയായിരുന്നു. ഉടൻ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം ഡിപ്പോയിൽനിന്ന് പകരം ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു.
