വൈദ്യുതി കരാറുകൾ: മുൻകൂർ അനുമതി ഓർമിപ്പിച്ച് കമീഷൻ
തിരുവനന്തപുരം: പീക്ക് സമയ ആവശ്യകത നിറവേറ്റുന്നതടക്കം വൈദ്യുതി വാങ്ങൽ കരാറുകളിൽ ചട്ടപ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങണമെന്ന് കെ.എസ്.ഇ.ബിയെ ഓർമിപ്പിച്ച് റഗുലേറ്ററി കമീഷൻ. കെ.എസ്.ഇ.ബി നൽകിയ കണക്കുകൾ പ്രകാരം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയാറാക്കിയ റിസോഴ്സ് ആഡിക്വസി പ്ലാനിന് താൽകാലിക അംഗീകാരം നൽകിയുള്ള ഉത്തരവിലാണ് കരാറുകളിലെ മുൻകൂർ അനുമതി നിർബന്ധമാണെന്ന ഓർമപ്പെടുത്തൽ കമീഷൻ നൽകിയത്.
2035-36 വരെയുള്ള പ്ലാനാണ് തയാറാക്കിയത്. ഇതുപ്രകാരം 2026-27ൽ 36055 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുതി ഉപയോഗത്തിൽ 2025-26 വർഷത്തേക്കാൾ 6.02 ശതമാനത്തിന്റെ വർധനവാണ് 2026-27ൽ കണക്കുകൂട്ടുന്നത്. പീക്ക് സമയ വൈദ്യുതി അവശ്യകത 6445 മെഗാവാട്ട് വരെ ഉയരാം.
2035-36 ആകുമ്പോഴേക്കും സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 55996 ആയി വർധിക്കാനാണ് സാധ്യതയെന്നും പീക്ക് സമയ ഡിമാൻഡ് 8626 മെഗാവാട്ട് ആയി വർധിക്കുമെന്നുമാണ് കെ.എസ്.ഇ.ബി നടത്തിയ പഠനത്തിലുള്ളത്. ഇത് അടിസ്ഥാനമാക്കിയാണ് 2035-36 വരെയുള്ള പ്ലാൻ. നിലവിലുള്ള ഉൽപാദനം, ഉപയോഗം, വൈദ്യുതി കരാറുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ അടങ്ങിയതാണ് റിസോഴ്സ് ആഡിക്വസി പ്ലാൻ.
