നെൽവിള ഇൻഷുറൻസിന്റെ സമയം കഴിഞ്ഞു; ഇൻഷുർ ചെയ്യാനാകാതെ കർഷകർ

പൊന്നാനി കോൾമേഖലയിലെ നടീൽ പൂർത്തിയായ കൃഷിയിടങ്ങൾ
ചങ്ങരംകുളം: 7500 ഏക്കർ വരുന്ന പൊന്നാനി കോൾ മേഖലയിലെ ഏറെ കർഷകർക്കും നെൽ വിള ഇൻഷൂറൻസ് ചെയ്യാൻ കഴിയാതെ ആനുകൂല്യം നഷ്ടമാകുന്നു. നെൽക്കൃഷി നശിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകുന്ന വിള ഇൻഷുറൻസിന്റെ സൈറ്റ് രണ്ട് ദിവസം മുമ്പ് തുറന്നെങ്കിലും ഈ മാസം 31ന് അപേക്ഷ കാലാവധി കഴിയുകയായിരുന്നു. ഇൻഷൂർ ചെയ്യാൻ രണ്ട് ദിവസം മാത്രം കിട്ടിയപ്പോൾ മേഖലയിലെ പകുതിയിലധികം കർഷകർക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണു പറയുന്നത്. ആയിരക്കണക്കിന് കർഷകർക്കാണ് ആനുകൂല്യം നഷ്ടമാകുന്നത്.
ഇൻഷൂർ ചെയ്യാത്ത കർഷകർക്കായി സമയപരിധി നീട്ടണമെന്നാണ് കർഷകരുടെ ആവശ്യം. മേഖലയിൽ ഇടക്കിടെ ഉണ്ടാകുന്ന ബണ്ട് തകർച്ചയിലും വരൾച്ചയിലും മഴക്കെടുതിയിലും കൃഷി നശിക്കുമ്പോൾ കർഷകർക്ക് ഏക സഹായമായിരുന്നു വിള ഇൻഷൂറൻസ്. മുൻ കാലങ്ങളിൽ നെൽകൃഷി ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഇൻഷുറൻസിനു അപേക്ഷിക്കാൻ കഴിഞ്ഞെങ്കിലും സംസ്ഥാന സർക്കാർ വിഹിതം അടക്കാൻ വൈകിയതോടെ രണ്ട് ദിവസം മുമ്പാണ് അപേക്ഷിക്കാനുള്ള സൈറ്റ് ഇൻഷുറൻസ് അധികൃതർ തുറന്നത്.
അപേക്ഷിക്കാനുള്ള സമയം കുറഞ്ഞതിനാൽ ഏറെ കർഷകർക്കും അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഏക്കറിന് 480 രൂപ നിരക്കിലാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ കർഷകരിൽനിന്ന് പ്രീമിയം ഈടാക്കുന്നത്. വരൾച്ചയും പ്രകൃതിദുരന്തവും പതിവായ കോൾമേഖലയിലെ കൃഷിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാൻ ദിവസം നീട്ടിനൽകണമെന്ന് പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികളും കർഷകരും ആവശ്യപ്പെട്ടു.
