പാങ്ങിൽ ഭൂമിക്കടിയിൽ ശബ്ദം; പരിസരവാസികൾ പരിഭ്രാന്തിയിലായി

കൊളത്തൂർ: കുറുവ പഞ്ചായത്തിലെ ഈസ്റ്റ് പാങ്ങ് അയ്യാത്തപറമ്പിൽ ഭൂമിക്കടിയിൽ തുടർച്ചയായി നേരിയ ശബ്ദം കേൾക്കുന്നത് പരിസരവാസികളിൽ പരിഭ്രാന്തിയുണ്ടാക്കി. തച്ചപ്പറമ്പൻ ചെറിയാപ്പുഹാജിയുടെ പറമ്പിന് സമീപത്ത് നിന്നാണ് നാല് ദിവസമായി ശബ്ദം കേൾക്കുന്നത്. ഇന്നലെ രാവിലെ സംഭവസ്ഥലം കുറുവ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സലാം മാസ്റ്ററുടെയും സെക്രട്ടറി വിഷ്ണു ശശിയുടെയും നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് മോയിക്കൽ സുലൈഖയും വാർഡ് മെംബർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു.

വിവരം റവന്യൂ അധികൃതരെയും അറിയിച്ചു. റവന്യൂ, വാട്ടർ അതോറിറ്റി അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി. വാട്ടർ അതോറിറ്റിയുടെ ഇതുവഴിയുള്ള പൈപ്പ് ലൈനിൽ നിന്നാണ് ശബ്ദമെന്ന നിഗമനത്തിൽ പൈപ്പ് ലൈനിലൂടെയുള്ള നീരൊഴുക്ക് ബ്ലോക്ക് ചെയ്യുകയും തിരിച്ചുവിടുകയും ചെയ്തപ്പോൾ ശബ്ദം കുറഞ്ഞതായി കുറുവ പഞ്ചായത്ത് പ്രസിഡൻറ് സലാം മാസ്റ്റർ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടർന്നും ശബ്ദം കേട്ടാൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.