‘അവൻ കതകിൽ തട്ടുകയല്ല, ഇടിച്ച് തകർത്ത് വരികയാണ്’; സർഫറാസ് ഖാനെ പ്രകീർത്തിച്ച് അശ്വിൻ

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ അസാമാന്യ ഫോം തുടരുന്ന മുംബൈ താരം സർഫറാസ് ഖാനെ പ്രകീർത്തിച്ച് വെറ്ററൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. ഐ.പി.എല്ലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ അശ്വിൻ േപ്ലയിങ് ഇലവനിൽ ഇടം അർഹിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ അശ്വിൻ ചൂണ്ടിക്കാട്ടി.
വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ ദിവസം ഗോവക്കെതിരെ 75 പന്തിൽ 157 റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് സർഫറാസിനെ പ്രശംസിച്ച് അശ്വിൻ രംഗത്തെത്തിയത്. 14 കൂറ്റൻ സിക്സറുകളടങ്ങിയതായിരുന്നു സർഫറാസിന്റെ ബാറ്റിങ് വിസ്ഫോടനം. വിജയ് ഹസാരെ ട്രോഫിയിലെ മാറ്റൊരു മത്സരത്തിൽ താരം അർധസെഞ്ച്വറിയും നേടിയിരുന്നു. ഈയിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലും സർഫറാസ് മിന്നുംഫോമിലായിരുന്നു.
‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 100*(47), 52 (40), 64 (25), 73 (22) എന്നിങ്ങനെയാണ് സർഫറാസിന്റെ സ്കോറുകൾ.
വിജയ് ഹസാരെ ടൂർണമെന്റിലും ആ ഫോം അവൻ തുടരുകയാണ്. 49 പന്തിൽ 55 റൺസെടുത്ത പ്രകടനത്തിനു പിന്നാലെ ഇന്ന് 14 സിക്സറുകൾ ഉൾപ്പെടെ 75 പന്തിൽ 157 റൺസ് നേടി. സ്വീപ്പുകളും സ്ലോഗ് സ്വീപ്പുകളും ഉപയോഗിച്ച് മധ്യ ഓവറുകളിൽ അവൻ സ്പിന്നിനെ ഏതുവിധം തച്ചുതകർക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
‘അവൻ കതവ തട്ടല, ഇടിച്ചി ഒടിച്ചിട്ട് ഇരുക്കാ’ (അവൻ കതകിൽ മുട്ടകയല്ല, അത് തകർക്കുകയാണ്)
ചെന്നൈ സൂപ്പർ കിങ്സ് അവനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി തകർപ്പൻ ഫോം തുടരാൻ അവസരം ഒരുക്കേണ്ടതല്ലേ?
ഈ സീസണിൽ ബാറ്റർമാരുടെ ഗംഭീര ഫോം ടീം തെരഞ്ഞെടുപ്പിൽ സി.എസ്.കെക്ക് പ്രശ്നം സൃഷ്ടിക്കും! ഐ.പി.എൽ 2026നായി ഇനിയും കാത്തിരിക്കാനാവില്ല!’ -അശ്വിൻ ‘എക്സി’ൽ കുറിച്ചു.
ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സ് ടീം
ഋതുരാജ് ഗെയ്ക്വാദ്, എം.എസ്. ധോണി, സഞ്ജു സാംസൺ, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, സർഫറാസ് ഖാൻ, ഉർവിൽ പട്ടേൽ, അൻഷുൽ കംബോജ്, ഗുർജപ്നീത് സിങ്, ജാമി ഓവർട്ടൺ, മുകേഷ് ചൗധരി, നഥാൻ എല്ലിസ്, നൂർ അഹമ്മദ്, രാമകൃഷ്ണ ഘോഷ്, ശ്രേയസ് ഗോപാൽ, ഖലീൽ അഹമ്മദ്, അകീൽ ഹുസൈൻ, പ്രശാന്ത് വീർ, കാർത്തിക് ശർമ, മാത്യു ഷോർട്ട്, അമൻ ഖാൻ, മാറ്റ് ഹെൻറി, രാഹുൽ ചാഹർ, സാക് ഫൂൾക്സ്.
