ഡയാലിസിസിനിടെ രോഗികളുടെ മരണം: വിദഗ്ധസംഘമെത്തി
ഡയാലിസിസിനിടയിൽ മരിച്ച ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60), കായംകുളം സ്വദേശി അബ്ദുൽമജീദ് (43)
ആലപ്പുഴ: ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. ഡയാലിസിസ് ഉപകരണങ്ങൾ, ഉപയോഗിച്ച വെള്ളം എന്നിവയടക്കം പ്രാഥമികമായി പരിശോധിച്ചു. നിലവിൽ അപാകതകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, കൂടുതൽ പരിശോധനക്ക് നിർദേശം നൽകി. ഇതിനായി എറണാകുളം ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായം തേടും. മുഴുവൻ യന്ത്രസംവിധാനങ്ങളും സർവിസ് ചെയ്യാനും അണുവിമുക്തമാണെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ഡയാലിസിസിന് ഉപയോഗിക്കുന്ന ജലം പൂർണമായി അണുവിമുക്തമാക്കുന്ന എൻഡോ ടോക്സിൻ എന്ന പരിശോധനക്കും നിർദേശിച്ചിട്ടുണ്ട്.
ഇത് പൂർത്തിയാക്കാൻ ഹരിപ്പാട്ടെ ഡയാലിസിസ് സൗകര്യം 15 ദിവസത്തേക്ക് നിർത്തിവെച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക്, അഡീഷനൽ ഡയറക്ടർ ഡോ. സുകേഷ്, അഡീഷനൽ ഡയറക്ടർ (ഫാർമസി) ഡോ. ബിന്ദു, ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദിലീപ്, ഡോ. ഷബീർ, ഡോ. സുമൻ, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ ഡയാലിസിസ് ചെയ്യുന്ന 56 രോഗികൾക്കുള്ള സൗകര്യങ്ങൾ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ പച്ചക്കറി വ്യാപാരി ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), ഓട്ടോഡ്രൈവർ കായംകുളം പുളിമുക്ക് പുതുക്കാട് വടക്കതിൽ മജീദ് (53) എന്നിവരാണ് മരിച്ചത്. അന്നേദിവസം ഏഴ് രോഗികളാണ് ഡയാലിസിസിന് വിധേയമായത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് വിവരം. വിറയലും ഛർദിയുമുണ്ടായ മൂന്നുപേരെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഇതിൽ രണ്ടുപേരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനാണ് രാമചന്ദ്രനെ ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുവരെ നിരീക്ഷണത്തിൽ കിടത്തി. പിന്നീട് അണുബാധയുണ്ടായെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ എത്തിച്ചെങ്കിലും ഐ.സി.യു ഇല്ലാത്തതിനാൽ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചയാണ് മരിച്ചത്. മജീദിന്റെ മരണവും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്. ഇരുവൃക്കയും തകരാറിലായതോടെ 10 വർഷംമുമ്പാണ് രാമചന്ദ്രൻ വൃക്ക മാറ്റിവെച്ചത്. സഹോദരി സുജാതയാണ് വൃക്ക നൽകിയത്.
എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞിട്ടും പ്രശ്നങ്ങൾ മാറാതായതോടെ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തുകയായിരുന്നു. അശ്രദ്ധമൂലമുണ്ടായ ചികിത്സപിഴവിനെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് കുടുംബം പരാതി നൽകും.
