കുഞ്ഞുവേണമെന്ന് നിർബന്ധം പിടിച്ചു, ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റി, ഫ്ലാറ്റ് വാങ്ങാൻ നിർബന്ധിച്ചു -രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിലെ വിവരങ്ങൾ പുറത്ത്



പാലക്കാട്: പഴുതുകളടച്ച അന്വേഷണത്തിനൊടുവിൽ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വിദേശത്ത് താമസിക്കുന്ന യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്താണ് പരാതിക്കാരി രാഹുലിനെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടത്. പരിചയം പെട്ടെന്ന് പ്രണയത്തിലെത്തി. ആദ്യ വിവാഹബന്ധം പെട്ടെന്ന് വേർപെടുത്താൻ നിർദേശിച്ച രാഹുൽ വിവാഹം കഴിക്കുമെന്ന് യുവതിക്ക് ഉറപ്പും നൽകി.

വൈകാതെ യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഏതെങ്കിലും റസ്റ്റാറന്റിൽ വെച്ച് കണ്ടാൽ പോരെയെന്ന ചോദ്യത്തിന് മറ്റുള്ളവർ കണ്ടാൽ പ്രശ്നമാകുമെന്നും ഹോട്ടൽ മുറിയാണ് സുരക്ഷിതമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് ഹോട്ടലിന്റെ പേര് പറഞ്ഞു കൊടുത്ത രാഹുൽ ബുക്ക് ചെയ്യാൻ നിർദേശിച്ചു.

ഹോട്ടൽ മുറിയിലെത്തിയ യുവതിയെ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുമെന്നും നിർബന്ധിച്ചായിരുന്നു രാഹുലിന്റെ ആക്രമണം. ഈ കൂടിക്കാഴ്ചക്കും ശേഷവും യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഗർഭിണിയായതോടെ യുവതിയുമായുള്ള ബന്ധം രാഹുൽ അവസാനിപ്പിച്ചു. ഗർഭിണിയായ വിവരം പറയാൻ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞു.

വിവരം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണിപ്പെടുത്തി. ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും രാഹുൽ തയാറായില്ല. മറ്റാരുടെയോ കുഞ്ഞാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മാനസികമായി തകർന്ന യുവതി ഡി.എൻ.എ പരിശോധന നടത്താമെന്ന് അറിയിച്ചു. എന്നാൽ അതിന് രാഹുൽ തയാറായില്ല. ഗർഛഛിദ്രത്തിന് സമ്മർദം ചെലുത്തുകയായിരുന്നു. ഗർഭഛിദ്രം നടന്നുവെങ്കിലും ഭ്രൂണത്തിന്റെ സാംപിളുകൾ യുവതി സൂക്ഷിച്ചുവെച്ചു.

രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെ എല്ലാ വിവരങ്ങളും യുവതി അറിയിച്ചിരുന്നു. എല്ലാം കഴിഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഭാവിയിൽ ഒരുമിച്ച് താമസിക്കുന്നതിനായി പാലക്കാട് ഫ്ലാറ്റ് വാങ്ങാനായി സമ്മർദം ചെലുത്തി. എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ല. പലപ്പോഴായി തന്നിൽ നിന്ന് രാഹുൽ വലിയ സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. വില കൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരിപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങിപ്പിച്ചു.