അമ്പതിന്‍റെ നിറവിലേക്ക് കൊട്ടിക്കയറി പെരിങ്ങോടിന്‍റെ പഞ്ചവാദ്യം
തൃശൂർ: വാദ്യകലയായ പഞ്ചവാദ്യത്തിന്‍റെ ഈറ്റില്ലമെന്നറിയപ്പെടുന്ന പെരിങ്ങോട് എച്ച്.എസ്. സ്കൂൾ അഞ്ചു പതിറ്റാണ്ടിന്‍റെ നിറവിലാണ്. കലയെ ഏറെ സ്നേഹിച്ചിരുന്ന സാക്ഷാൽ പൂമുള്ളിമന ആറാം തമ്പുരാനാണ് (നീലകണ്ഠൻ നമ്പൂതിരിപ്പാട്) തന്‍റെ സ്കൂളിൽ കുട്ടികൾക്ക് വാദ്യകലകൾ പഠിപ്പിക്കണമെന്ന ആശയത്തിന് മുന്നിട്ട് നിന്നത്. ഇതിന് നിമിത്തമായത് അന്നത്തെ വിദ്യാഭാസ ഡയറക്ടറായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടാണ്.
മനയും സ്കൂളുമായി അഭേദ്യമായ ബന്ധമായിരുന്നു ഇദ്ദേഹത്തിന്. തുടർന്നാണ് പ്രസിദ്ധനായ കലാകാരൻ അന്നമ്മനട പരമേശ്വര മാരാർ സ്കൂളിൽ എത്തുന്നത്. പഠിപ്പിക്കാൻ അനുയോജ്യനായ ഒരാളെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു മടക്കം. വന്നതാകട്ടെ മകൻ വളപ്പായ ചന്ദ്രൻ മാരാരും. പിന്നീട് നടന്നത് ചരിത്രം. സ്കൂൾ പ്രധാനധ്യാപകനായിരുന്ന പൂമുള്ളി മന ശങ്കരൻ നമ്പൂതിരിപ്പാടും സകല കലകളേയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഗോപാലൻ നായർക്കുമോപ്പം പെരിങ്ങോടിന്‍റെ ചരിത്രം പിറന്നു.
1975-76 കാലഘട്ടം മുതൽ പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലൂടെ അമ്പത് വർഷം പൂർത്തികരിക്കുകയാണ് കുട്ടികളും ആശാന്മാരും. പഞ്ചവാദ്യത്തിൽ അമ്പതിന്‍റെ നിറവിൽ നിൽക്കുന്ന ടീമിന്‍റെ പരിശീലകർ പൂർവ വിദ്യാർഥികളാണെന്നതും ശ്രദ്ധേയമാണ്.
കലയെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ 1990ൽ രൂപീകരിച്ച പെരിങ്ങോട് സ്കൂൾ പഞ്ചവാദ്യ സംഘത്തിന്‍റെ കീഴിലാണ് കുട്ടികളുടെ പരിശീലനം. സേതുമാധവൻ, മോഹൻദാസ്, വി. ചന്ദ്രൻ എന്നിവരാണ് സമിതി ഭാരവാഹികൾ. 76 ബാച്ചിലെ മുരളീധരൻ (കൊമ്പ്), ചന്ദ്രൻ (മദ്ദളം), മണികണ്ഠൻ പെരിങ്ങോട് (ഇടക്ക), ഉണ്ണിമോൻ (തിമില), സി.എ മണികണ്ഠൻ എന്നിവരാണ് നിലവിലെ പരിശീലകർ. പുറത്ത് പോയി അവതരിപ്പിക്കുന്ന പരിപാടിയിലൂടെ ലഭിക്കുന്നതിൽ നിന്നും മാറ്റിവെക്കുന്ന വിഹിതമാണ് ചിലവിന് ഉപയോഗിക്കുന്നത്.
301 പേരെ അണിനിരത്തി കൊട്ടിക്കയറിയ പെരിങ്ങോട് പഞ്ചവാദ്യം ലിംക ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരുപാട് ശിഷ്യഗണങ്ങൾക്ക് പേരും പെരുമയും നൽകിയ പഞ്ചവാദ്യത്തിന്‍റെ ജൂബിലി ആഘോഷം മെയ് മാസത്തിൽ നടക്കും. ഈ വിഭാഗത്തിൽ മത്സരിച്ച ഒരു ടീം ഒഴികെ പെരിങ്ങോട് അടക്കമുള്ള സ്കൂളുകൾക്ക് എ ഗ്രേഡ് ലഭിച്ചു.
