ദുരിതപ്പെയ്ത്തുകൾക്കിടയിൽ ശ്രീനിവാസനും കുടുംബവും ഇനി ചോരാത്ത വീട്ടിൽ

പെരിന്തല്‍മണ്ണ മണല്കുഴിതോട്ടം പരേരിപറമ്പില്‍ ശ്രീനിവാസന്റെ കുടുംബത്തിന് നജീബ് കാന്തപുരം എം.എൽ.എയുടെ ഇടപെടലിൽ ദുബൈ കെ.എം.സി.സി പുതുക്കിപ്പണിത വീട്
പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ മണല്കുഴിതോട്ടം പരേരിപറമ്പില്‍ ശ്രീനിവാസന്റെ കുടുംബത്തിന് കാത്തിരിപ്പിനും ദുരിതപ്പെയ്തുക്കൾക്കുമിടയൽ അടച്ചുറപ്പുള്ള വീടായി. വാസയോഗ്യമല്ലാതിരുന്ന വീട് പുനർ നിർമിക്കാൻ നജീബ് കാന്തപുരം എം.എൽ.എയുടെ ഇടപെടലിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ടു വന്നത്.
രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. വീട്ടില്‍ സുരക്ഷിതമായി താമസിക്കാനാവാതെയായപ്പോൾ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്ന ശ്രീനിവാസന് വാടകവീട്ടിലേക്ക് താമസം മാറി. അപ്രതീക്ഷിതമായാണ് അർബുദ രോഗബാധിതനായത്. അതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. ചികിത്സ ചിലവുകള്‍ താങ്ങാനാവാതെ കുടുംബം നിസ്സഹായാവസ്ഥയിലുമായി.
ഇവരുടെ തകര്‍ന്നു കിടന്ന മേല്‍ക്കൂരയും ചുവരുകളും തേച്ചു വൃത്തിയാക്കി. നിലം ടൈല്‍ പാകി. പുതിയ വാതിലുകളും ജനലുകളും സ്ഥാപിച്ച് വീട് മനോഹരമാക്കി. കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങില്‍ നജീബ് കാന്തപുരം എം. എല്‍.എയുടെയും ജനപ്രതിനിധികളുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ ശ്രീനിവാസനും കുടുംബത്തിനും കൈമാറി. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം വീട്ടു വാടക എം.എല്‍.എ ആയിരുന്നു നല്‍കിയിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശ്രീനിവാസന് ചികിത്സ തുടരുന്നത്. ദുബൈ കെ.എം.സി.സി പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റിയാണ് വീട് നവീകരണത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയത്.
