എയിംസുമില്ല, അതിവേഗ റെയിലുമില്ല; ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം



തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളൊന്നും ഇക്കുറിയും അനുവദിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായില്ല. ധാതു ഇടനാഴിയും കടലാമ ഗവേഷണ കേന്ദ്രവും മാത്രമാണ് കേരളത്തിനായി ധനമന്ത്രി പ്രഖ്യാപിച്ചത്. വർഷങ്ങളായുള്ള എയിംസ് എന്ന ആവശ്യം ഇക്കുറിയും തഴയപ്പെട്ടു.

രാജ്യത്ത് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ അതിലും കേരളം ഉൾപ്പെട്ടില്ല. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതും ബജറ്റിലുണ്ടായില്ല. വിഴിഞ്ഞം തുറമുഖവും പൂർണമായും അവഗണിക്കപ്പെട്ടു. സം​സ്​​ഥാ​ന​ത്തി​ന്​ 21,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ​ട​ക്കം അനുവദിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു അതും തഴയപ്പെട്ടു.

അ​മേ​രി​ക്ക​ൻ ഇ​റ​ക്കു​മ​തി ന​യ​ത്തി​ലു​ണ്ടാ​യ മാ​റ്റം​മൂ​ലം സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ടെ​ക്സ്റ്റ​യി​ൽ​സ് എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി​യി​ൽ വ​ർ​ഷം 2500 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ടം കേ​ര​ള​ത്തി​നു​ണ്ട്. ജി.​എ​സ്.​ടി നി​ര​ക്ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ 8000 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​ന്നു. ഇ​തെ​ല്ലാം കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങളാണെന്ന് വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടിരിക്കുകയാണ്.

വാ​യ്പാ​പ​രി​ധി ഉയർത്തൽ, ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം പുനഃസ്ഥാപിക്കൽ, അം​ഗ​ൻ​വാ​ടി, ആ​ശ ഉ​ൾ​പ്പെ​ടെ സ്കീം ​വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​നം ഉയർത്തൽ തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളം കേന്ദ്രസർക്കാറിന് മുമ്പാകെ മുന്നോട്ടുവെച്ചുവെങ്കിലും അതെല്ലാം പൂർണമായും തഴയപ്പെട്ടുവെന്നാണ് ബജറ്റ് പ്രസംഗത്തിൽ നിന്നും വ്യക്തമാവുന്നത്.