​അഭിഷേക് ശർമ ആശുപത്രിയിൽ; നമീബിയക്കെതിരെ സഞ്ജുവോ വാഷിങ്ടണോ ? ആരാവും പകരക്കാരൻ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ മത്സരങ്ങൾക്ക് ചൂട് പിടിക്കവെ ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ച് ഓപണിങ് ബാറ്റ്സ്മാൻ അഭിഷേക് ശർമയും പരിക്കിന്റെ പിടിയിൽ. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിഷേകിന് ​വ്യാഴാഴ്ച നമീബിയക്കെതിരായ മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

അമേരിക്കക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തിന് മുമ്പു തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും, ഇന്ത്യക്കായി ഓപണിങ്ങിനിറങ്ങിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അഭിഷേകിന് പകരം ഫീൽഡിങ്ങിൽ സഞ്ജു സാംസൺ ആയിരുന്നു ഇറിങ്ങിയത്. മത്സര ശേഷം, ഹസ്തദാനം നൽകാനും അഭിഷേക് ഗ്രൗണ്ടിലിറങ്ങിയില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിട്ടും, ഭേദമാവാതായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിലും താരമുണ്ടായിരുന്നില്ല. വയറിലെ അണുബാധയെ തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബി.സി.സി.ഐ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. നമീബിയക്കെതിരെ വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ കളിക്കുമോയെന്നും സംശയമാണ്.

അതേസമയം, പരിക്ക് ഭേദമായി തിരിച്ചെത്തിയ വാഷിങ്ടൺ സുന്ദർ ​ചൊവ്വാഴ്ച ടീമിനൊപ്പം ചേർന്നു. അഭിഷേകിന് പകരം വാഷിങ്ടൺ വരുമോ, അതോ സഞ്ജു സാംസണിന് അവസരം നൽകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പരിക്ക് മാറിയാണ് വാഷിങ് ടൺ സുന്ദർ എത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓരേപോലെ താരത്തെ ഉപയോഗപ്പെടുത്താമെന്നതാണ് പ്രത്യേകത. അതേസമയം, ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അവസരം ലഭിച്ചിട്ടും ബാറ്റിങ്ങിൽ നിറം മങ്ങിയ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. നിരന്തരം പരാജയപ്പെടുന്ന താരത്തെ വീണ്ടും പരീക്ഷിച്ച് പരാജയപ്പെട്ടാൽ, ക്യാപ്റ്റനും കോച്ചിനുമാകും പഴി.