സൈനിക ക്യാമ്പിലെ ആനക്കൊമ്പ്​ മോഷണം: ‘കള്ളൻ കപ്പലിൽ’?


തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വ്യ​ക്​​ത​ത​യി​ല്ലാ​തെ പൊ​ലീ​സ്. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ൽ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ​ക്​​ത​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക്യാ​മ്പി​നു​ള്ളി​ലു​ള്ള​വ​ർ ത​ന്നെ​യാ​കാം മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന സം​ശ​യം ശ​ക്​​ത​മാ​കു​ക​യാ​ണ്. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പോ​ലും മു​ൻ അ​നു​മ​തി വാ​ങ്ങി​യാ​ണ്​ ക്യാ​മ്പി​ൽ പ്ര​വേ​ശി​ക്കാ​നാ​കു​ന്ന​ത്. അ​ത്ര​യും സു​ര​ക്ഷാ സം​വി​ധാ​ന​മു​​ള്ള ക്യാ​മ്പി​ൽ നി​ന്ന് എ​ളു​പ്പ​ത്തി​ൽ ആ​ന​ക്കൊ​മ്പ്​ ക​ട​ത്താ​നാ​കി​ല്ലെ​ന്ന്​ പൊ​ലീ​സും പ​റ​യു​ന്നു.

ആ​ന​ക്കൊ​മ്പു​ക​ൾ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടി​ല്ല എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക്യാ​മ്പി​ന​ക​ത്തു​ള്ള ഓ​ഫീ​സേ​ഴ്സ് മെ​സും പ​രി​സ​ര​വും സൈ​നി​ക​ർ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക്യാ​മ്പി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പൊ​ലീ​സി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ട്. പാ​ർ​ട്ടി ന​ട​ന്ന ബു​ധ​നാ​ഴ്ച പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പി​ൽ എ​ത്തി​യ 18 പേ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. ക്യാ​മ്പി​നു​ള്ളി​ൽ സി.​സി. ടി.​വി​യി​ല്ലാ​ത്ത​തും​ തി​രി​ച്ച​ടി​യാ​യി. സൈ​നി​ക ക്യാ​മ്പി​ലെ ഓ​ഫീ​സേ​ഴ്സ് ക്ല​ബി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ഷ്ട​പ്പെ​ട്ട​ത്.