കേളുനായർപടിയിൽ റോഡിലിറങ്ങി കാട്ടാനകൾ;നാട്ടിലിറങ്ങിയ രണ്ട് ആനകളും കൃഷി നശിപ്പിച്ചു

ചേനപ്പാടിയിലെ നെല്ലേങ്ങര അപ്പുവിന്റെ പട്ടിക്കൂട് കാട്ടാനകൾ തകർത്ത നിലയിൽ
കാളികാവ്: ചോക്കാട് കേളുനായർ പടിയിൽ കാട്ടാനകൾ ഇറങ്ങിയത് ഭീതി പരത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് കാട്ടാനകൾ മലയോര ഹൈവേയിലേക്കിറങ്ങിയത്. രണ്ട് കാട്ടാനകളാണ് ജനവാസ മേഖലയിൽ ഭീതി പരത്തിയത്. മലയോര ഹൈവേയിലൂടെ നടന്ന ആനകൾ ചേനപ്പാടി ജനവാസ കേന്ദ്രത്തിലൂടെയാണ് നാട്ടിലിറങ്ങിയത്. കല്ലാമൂലയുടെയും കേളുനായർപടിയുടെയും ഇടയിലൂടെയാണ് മലയോര ഹൈവേയിൽ ആനകളിറങ്ങിയത്. ചേപ്പാടിയിലെ നെല്ലേങ്ങര അപ്പുവിന്റെ പട്ടിക്കൂട് കാട്ടാന തകർത്തു. കൂട്ടിലുണ്ടായിരുന്ന വളർത്തു നായ് ഓടിരക്ഷപ്പെട്ടു. പോകുന്ന വഴികളിലൂടെ കൃഷി നാശം വരുത്തുകയും ചെയ്തിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങിയതോടെ ജനങ്ങൾ ഭീതിയിലായി.
പെടയന്താൾ പൊട്ടി ഭാഗത്ത് പുലർച്ചെ രണ്ടിനാ ആനയെ കണ്ടത്. മാലത്തടം എസ്റ്റേറ്റിലൂടെയാണ് പെടയന്താളിലേക്ക് കാട്ടാന എത്തിയത്. അതിരാവിലെ ടാപ്പിങ്ങിനെത്തുന്ന തൊഴിലാളികൾ ഭീതിയിലാണ്.
പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്നവരും മറ്റ് ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ഉൾപ്പടെയുള്ളവർ ഭീതിയിലായി. വനപാലകർ സ്ഥലത്തെത്തി പരിശോധകൾ ആരംഭിച്ചു. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയുന്നതിനുള്ള വൈദ്യുതി വേലികൾ പണി പൂർത്തിയാകാത്ത ഭാഗത്തിലൂടെയാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്.
