‘ദി കേരള സ്റ്റോറി’ രണ്ടാംഭാഗം വിഷസൃഷ്ടി -മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ വിദ്വേഷം വിതക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിച്ച ‘ദി കേരള സ്റ്റോറി’ സിനിമയുടെ രണ്ടാംഭാഗം പുറത്തിറങ്ങുന്നെന്ന വാർത്ത ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയലക്ഷ്യത്തോടെ നിർമിച്ചതാണെന്ന് നാട് തിരിച്ചറിഞ്ഞതാണ്.
സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ. ‘ബീഫ്’ എന്ന പേരിട്ടതുകൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശനാനുമതി ലഭിക്കുന്നത്. ‘കേരള സ്റ്റോറി’ എന്ന അപഹാസ്യ വ്യാജപ്രതീതി നിർമിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്.
വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്.
