'പ്രണയത്തിനുള്ളത്ര കരുത്ത് വെടിമരുന്നിൽ പോലുമില്ല…!, സിനിമ കുത്തിവെക്കുന്നത് പച്ച വർഗീയത, രാജ്യത്ത് ഇനി ബാക്കിയാകുന്ന ഒരേയൊരു പ്രതീക്ഷ ജുഡീഷ്യറി മാത്രം'; ഷിബു മീരാൻ



കോഴിക്കോട്: വിദ്വേഷ സിനിമയായ ‘കേരള സ്റ്റോറി 2’ ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും വിസമ്മതിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

കോടികൾ മുടക്കി അണിയിച്ചൊരുക്കുന്ന പ്രൊപഗണ്ട സിനിമകളിലൂടെ മനുഷ്യരുടെ മനസ്സിലേക്ക് കുത്തി വക്കുന്നത് പച്ചക്കള്ളങ്ങളും പച്ച വർഗീയതയുമാണെന്നും ഇത്തരം സിനിമകൾക്ക് നികുതിയളവ് കൊടുക്കുന്ന സർക്കാരുകൾ രാജ്യത്തുണ്ടാകുമ്പോ ബാക്കിയാകുന്ന ഒരേയൊരു പ്രതീക്ഷ ജുഡീഷ്യറി മാത്രമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിഗ് സെക്രട്ടറി ഷിബു മീരാൻ പറഞ്ഞു.

സിനിമയുടെ ആദ്യ ഭാഗത്തു കേരളം മാത്രമായിരുന്നെങ്കിൽ ഇത്തവണ രാജസ്ഥാനും മധ്യപ്രദേശും കടന്ന് വരുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗം ലക്ഷ്യം വക്കുന്നതെന്താണ് എന്ന് ബോധ്യപ്പെടാൻ ആ ബീഫ് രംഗം മാത്രം മതിയാകും. ഈ നാട്ടിലെ വിവിധ മത വിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വസത്തിന്റെയും സ്നേഹത്തിന്റെയും ഒരു കണിക പോലും ബാക്കി വക്കില്ല എന്ന വാശി മാത്രമാണ് ഉത്തരം സിനിമകളുടെയും ആവിഷ്കാരങ്ങളുടെയും ലക്ഷ്യമെന്നും ഷിബു മീരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘കേരളത്തിൽ ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിംകൾ’ എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന സിനിമ ട്രെയിലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേരള ഒന്നടങ്കം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഷിബു മീരാന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ജോ താകത് മൊഹബത്ത് മേം ഹൈ… വോ ബാരുത് മേം കഹാം.. പ്രണയത്തിനുള്ളത്ര കരുത്ത് വെടിമരുന്നിൽ പോലുമില്ല… കേരള സ്റ്റോറി 2 ന്റെ ആദ്യത്തെ ട്രെയിലറിൽ കേട്ട വാചകമായിരുന്നു അത്…

ആദ്യ ഭാഗത്തു കേരളം മാത്രമായിരുന്നെങ്കിൽ ഇത്തവണ രാജസ്ഥാനും മധ്യപ്രദേശും കടന്ന് വരുന്നുണ്ട്..സിനിമയുടെ രണ്ടാം ഭാഗം ലക്ഷ്യം വക്കുന്നതെന്താണ് എന്ന് ബോധ്യപ്പെടാൻ ആ ബീഫ് രംഗം മാത്രം മതിയാകും. ഈ നാട്ടിലെ വിവിധ മത വിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വസത്തിന്റെയും സ്നേഹത്തിന്റെയും ഒരു കണിക പോലും ബാക്കി വക്കില്ല എന്ന വാശി മാത്രമാണ് ഉത്തരം സിനിമകളുടെയും ആവിഷ്കാരങ്ങളുടെയും ലക്ഷ്യം.

സിനിമകളിൽ കഥാപാത്രങ്ങളുടെ പേരും അവർ പറയുന്ന ഡയലോഗുകളും ഇഴ കീറി പരിശോധിച്ചു അനുമതി നിക്ഷേധിക്കുന്ന സെൻസർ ബോർഡ്‌ ഇവിടെ മഹാ മൗനത്തിലാണ്. നിർബന്ധിച്ചു ബീഫ് തീറ്റിക്കുന്ന സംഭവം കേരളത്തിലല്ല മധ്യ പ്രദേശിലണത്രെ.

നഗരസഭയുടെ അറവുശാലയിൽ നിന്ന് ഗോമാംസം കയറ്റുന്നു എന്ന് കേട്ട് തടിച്ചു കൂടിയവരെ നേരിടാൻ ബി ജെ പി ക്കാർ ഓടിയത്തിയ വാർത്ത വായിച്ചത് ഇതേ മധ്യപ്രദേശിൽ നിന്നാണ്… പ്രാദേശിക നേതാക്കൾക്ക് കപ്പം കെട്ടി നടക്കുന്ന മാംസ വ്യാപാരത്തിന് ഒത്താശ ചെയ്യലായിരുന്നു ലക്ഷ്യം…

ലോകത്ത് ഏറ്റവും പണം ബീഫ് വിറ്റു ഉണ്ടാകുന്ന രാജ്യം നമ്മുടേതാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന സംസ്ഥാനം യു പി യാണ്. ഈ പറഞ്ഞതൊക്കെ വസ്തുതകളാണ്. വസ്തുതകൾ അഥവാ ഫാക്ട്സ് ആണ് സംഘപരിവാറിന്റെ ആദ്യത്തെ ശത്രു. സത്യത്തെ മറക്കാനാണ് നുണകളെ ഇങ്ങനെ വൈകാരികമായി അവതരപ്പിക്കുന്നത്. കോടികൾ മുടക്കി അണിയിച്ചൊരുക്കുന്ന പ്രൊപഗണ്ട സിനിമകളിലൂടെ മനുഷ്യരുടെ മനസ്സിലേക്ക് കുത്തി വക്കുന്നത് പച്ചക്കള്ളങ്ങളും പച്ച വർഗീയതയുമാണ്.

ഇത്തരം സിനിമകൾക്ക് നികുതിയളവു കൊടുക്കുന്ന സർക്കാരുകൾ രാജ്യത്തുണ്ടാകുമ്പോ ബാക്കിയാകുന്ന ഒരേയൊരു പ്രതീക്ഷ ജുഡീഷ്യറി മാത്രമാണ്. വിദ്വേഷ പ്രചാരണത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഇടയിലെ ജനാധിപത്യത്തിന്റെ അതിർവരമ്പ് തെളിച്ചു വരക്കാൻ കോടതികൾക്കെങ്കിലും കഴിയട്ടെ…”