എ.ഐ ഉച്ചകോടി വേദിയിൽ ഷർട്ടൂരി യൂത്ത് കോൺഗ്രസ് പ്രതിഷേധം; ​വിമർശനവുമായി ബി.ജെ.പി



ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരിയിലെ ആഗോള എ.ഐ ഇംപാക്ട് ഉച്ചകോടി വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ടൂരി പ്രതിഷേധം. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യത്തെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു ആഗോള ടെക് ഭീമൻമാരും നേതാക്കളും ഒത്തുചേർന്ന വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഷർട്ടൂരിയുള്ള പ്രതിഷേധം.

ഉച്ചകോടിയുടെ പ്രദർശന വേദിയിലെത്തിയ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപിന്റെയും ചിത്രങ്ങൾ പതിച്ച ടി ഷർട്ട് ഊരി പ്രദർശിപ്പിച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു, ഇന്ത്യ -യു.എസ് വ്യാപാര കരാർ രാജ്യ വിരുദ്ധം, എപ്സ്റ്റീൻ ഫയൽസ് തുടങ്ങിയവ മുദ്രാവാക്യങ്ങളായി ഉയർത്തിയ പ്രതിഷേധക്കാരെ പൊലീസും സംഘാടകരും ചേർന്ന് തടഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രമുഖ കമ്പനികളുടെ സാ​ങ്കേതിക വിദഗ്ധരും സി.ഇ.ഒമാരും പ​ങ്കെടുതത സെഷനുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ശക്തമായ പ്രതിഷേധത്തിന് ഉച്ചകോടിയുടെ വേദി സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവരെ കസ്റ്റഡിയിലെടുത്തതായി തിലക് മാർഗ് ​പൊലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുയർന്നു.

ലോകവേദിയിൽ രാജ്യത്തിന് നാണക്കേടാണ് കോൺഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു ബി.ജെ.പി വിമർശനം. എന്നാൽ, രാജ്യത്തെ ജനങ്ങളുടെയും യുവതലമുറയുടെയും വികാരമാണ് പ്രതിഷേധത്തിലൂടെ പ്രകടമായതെന്ന് ​യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. മാധ്യമങ്ങളും, സംവിധാനവും, പ്രധാനമമന്ത്രി തന്നെയും ഒത്തു തീർപ്പായിമാറിയ രാജ്യത്ത് ഏത് വേദിയിൽ പ്രതിഷേധിക്കുമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ചോദ്യം. തെരുവിൽ പ്രതിഷേധിക്കാൻ അനുവദിക്കില്ല, സാമൂഹിക മാധ്യമത്തിൽ പ്രതിഷേധിച്ചാൽ ഐ.ടി നിയമ പ്രകാരം തടയും. മാധ്യമങ്ങൾ സർക്കാറിന്റെ മുഖപത്രങ്ങളായി മാറി. ഞങ്ങൾ എ.ഐ ഉച്ചകോടിക്ക് എതിരല്ല. ഞങ്ങളുടെ പ്രതിഷേധം രാജ്യ താൽപര്യങ്ങൾ ബലികഴിപ്പിക്കുന്ന ഒത്തു തീർപ്പ് നയത്തിനെതിരാണ് -യൂത്ത് കോൺഗ്രസ് പറഞ്ഞു.

അതേസമയം, ലോകനേതാക്കളും, ആഗോള ടെക് കമ്പനി മേധാവികളും പ​ങ്കെടുക്കുന്ന എ.ഐ ഉച്ചകോടിയിലെ സുരക്ഷാ വീഴ്ചക്കെതിരെയും വിമർശനമുയരുന്നുണ്ട്.

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എ.ഐ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.