ദേവസ്വം ബോർഡ് ചെയർമാനാകണമെന്നത് മോഹം; മതപരമായി പലരും ആക്രമിക്കുന്നു, ഹിന്ദുവായതുകൊണ്ട് ആരും ചോദിക്കാൻ വരില്ല – സുരേഷ് ഗോപി
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകുക എന്നതാണ് ഏറ്റവും വലിയ മോഹം എന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ശനിയാഴ്ച കൊച്ചിയിൽ മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ‘ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘എന്‍റെ ജീവിതത്തിൽ ഞാൻ അങ്ങേയറ്റം മോഹിക്കുന്നത് 365 ദിവസവും ഗുരുവായൂർ അമ്പലത്തിനുള്ളിൽ ആധികാരികമായി പ്രവർത്തിക്കാൻ സാധിക്കണം എന്നാണ്. ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സ്ഥാനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകുക എന്നതാണ്. നെഞ്ചത്ത് കൈവെച്ച് പറയാം, ഇതിനപ്പുറം എനിക്ക് ഒരു ആഗ്രഹവും ഇല്ല’ -സുരേഷ് ഗോപി പറഞ്ഞു.
തന്‍റെ ആഗ്രഹത്തെ പലരും പുച്ഛത്തോടെ കാണുന്നുണ്ടെന്നും മതപരമായി പോലും തന്നെ ആക്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പക്ഷെ താൻ ഹിന്ദു ആയതുകൊണ്ട് ആരും ചോദിക്കാൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.
