കിരീടമുയർത്താൻ ആഴ്‌സണൽ; റയലിനും ചെൽസിക്കും കടുത്ത പരീക്ഷണം

ലീഗ് ഘട്ട മത്സരങ്ങൾക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് ആവേശകരമായ തുടക്കം. ഫുട്ബോൾ ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ നാടകീയമായ മുഹൂർത്തങ്ങൾക്കാണ് പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ഡ്രോ സാക്ഷ്യം വഹിച്ചത്. കരുത്തന്മാർ ഏറ്റുമുട്ടുന്ന മത്സരങ്ങളാണ് ഇനി നടക്കാനിരിക്കുന്നത്. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി – ചെൽസി, ബാഴ്സലോണ ന്യൂകാസിൽ മത്സരങ്ങൾ തന്നെയാണ് ഫുട്ബാൾ ആരാധകർ ഉറ്റുനോക്കുന്നത്. മെയ് 30-ന് ബുഡാപെസ്റ്റിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആര് കിരീടമുയർത്തും എന്നതാണ് ഇപ്പോൾ ഫുട്ബാൾ ലോകം ചർച്ച ചെയ്യുന്നത്. പ്രീ-ക്വാർട്ടർ ലൈനപ്പ് വ്യക്തമായ സാഹചര്യത്തിൽ 16 ടീമുകളുടെ സാധ്യതകൾ പരിശോധിക്കാം.

16.ബയർ ലെവർക്യൂസൻ

ഈ സീസണിൽ ഏറ്റവുമധികം അസ്ഥിരത പ്രകടിപ്പിച്ച ടീമാണ് ലെവർക്യൂസൻ. മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി എങ്കിലും പി.എസ്.ജിയോട് കനത്ത പരാജയം ഏറ്റുവാങ്ങി. ആഴ്‌സണലിനെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സാബി അലോൺസോയുടെ മുൻ ടീമിന് കാര്യങ്ങൾ എളുപ്പമാകില്ല.

15. ഗലാറ്റസറെ

ലീഗ് ഘട്ടത്തിൽ വെറും മൂന്ന് ജയങ്ങൾ മാത്രം നേടിയാണ് ഗലാറ്റസറെ പ്രീ-ക്വാർട്ടറിൽ എത്തിയത്. ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെതിരായ പോരാട്ടത്തിൽ തുർക്കിഷ് വമ്പന്മാർക്ക് കാലിടറാനാണ് സാധ്യത കൂടുതൽ.

14. ടോട്ടൻഹാം ഹോട്ട്സ്പർ

പുതിയ പരിശീലകൻ ഇഗോർ ട്യൂഡറിന് കീഴിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് സ്പർസ്. പരിക്കേറ്റ കളിക്കാരുടെ നീണ്ട നിരയും ടീമിനെ വലയ്ക്കുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ടോട്ടൻഹാമിൽ നിന്ന് വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാനാവില്ല.

13. ന്യൂകാസിൽ യുണൈറ്റഡ്

സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ അപകടകാരികളാണെങ്കിലും എവേ മത്സരങ്ങളിലെ മോശം റെക്കോർഡ് ന്യൂകാസിലിന് തിരിച്ചടിയാണ്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ നേരിടാൻ ഇറങ്ങുമ്പോൾ മുന്നേറ്റനിരയുടെയും പ്രതിരോധത്തിന്റെയും സ്ഥിരതയില്ലായ്മ അവർക്ക് തലവേദനയാകും.

12. അറ്റലാന്റ

നാടകീയമായ തിരിച്ചുവരവിലൂടെ പ്രീ-ക്വാർട്ടർ ടിക്കറ്റെടുത്ത അറ്റലാന്റയ്ക്ക് മുന്നിലുള്ളത് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ്. എങ്കിലും ചെൽസിയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം അവർക്ക് കരുത്താകും.

11. സ്പോർട്ടിങ് സി.പി

അവസാന നിമിഷം ഗോൾ നേടാനുള്ള മിടുക്കാണ് സ്പോർട്ടിങ്ങിനെ വ്യത്യസ്തരാക്കുന്നത്. ബോഡോ/ഗ്ലിംറ്റാണ് എതിരാളികൾ എന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്നു.

10. ചെൽസി

ലിയാം റോസീനിയറിന് കീഴിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും യുവനിരയുടെ പരിചയക്കുറവും അച്ചടക്കമില്ലായ്മയും ചെൽസിക്ക് വിനയാകുന്നുണ്ട്. പി.എസ്.ജിക്കെതിരായ മത്സരത്തിൽ അവർക്ക് കടുത്ത പരീക്ഷണം നേരിടേണ്ടി വരും.

9. ബോഡോ ഗ്ലിംറ്റ്

ഈ സീസണിലെ അട്ടിമറി വീരന്മാർ. സിറ്റിയെയും അത്‌ലറ്റിക്കോയെയും വിറപ്പിച്ച ഈ കുഞ്ഞന്മാർ സ്പോർട്ടിങ് സി.പിക്കെതിരെയും വിജയിച്ചു കയറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പണക്കൊഴുപ്പില്ലെങ്കിലും മികച്ച ഫുട്ബോൾ കാഴ്ചവെക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചു കഴിഞ്ഞു.

8. റയൽ മാഡ്രിഡ്

വിനീഷ്യസ് ജൂനിയറിന്റെ മികച്ച ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ മുഴുവൻ. എന്നാൽ പുതിയ പരിശീലകൻ അർബെലോയക്ക് കീഴിൽ ടീം ഇനിയും ഒത്തിണക്കം കണ്ടെത്തിയിട്ടില്ല. കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടം റയലിന് വലിയ വെല്ലുവിളിയാകും.

7. അത്‌ലറ്റിക്കോ മാഡ്രിഡ്

പ്രതിരോധത്തിലെ പഴയ കരുത്തില്ലെങ്കിലും മുന്നേറ്റനിരയുടെ മികവിൽ അത്‌ലറ്റിക്കോ അപകടകാരികളാണ്. ലിവർപൂളിന് പകരം ടോട്ടൻഹാമിനെ എതിരാളികളായി ലഭിച്ചത് അവർക്ക് ആശ്വാസമായി. ജൂലിയൻ അൽവാരസ് ഫോമിലേക്ക് ഉയർന്നാൽ അത്‌ലറ്റിക്കോക്ക് മുന്നേറാം.

6. പി.എസ്.ജി

തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണം പി.എസ്.ജി താരങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും മുഴുവൻ താരങ്ങളും ഫോമിലേക്കുയർന്നാൽ ലോകത്തെ ഏത് പ്രതിരോധത്തെയും തകർക്കാൻ അവർക്ക് കഴിയും. ചെൽസിക്കെതിരെ കരുതലോടെയാകും അവർ ഇറങ്ങുക.

5. മാഞ്ചസ്റ്റർ സിറ്റി

പെപ് ഗ്വാർഡിയോളയുടെ സംഘം ഈ സീസണിൽ പ്രതിരോധത്തിൽ ഏറെ ദുർബലരാണ്. എന്നാൽ ജനുവരിയിലെ പുതിയ സൈനിങ്ങുകളും ഹാളണ്ടിന്റെ ഗോളടി മികവും സിറ്റിക്ക് വലിയ ആശ്വാസം നൽകുന്നു. മികച്ച ഫോമിൽ അല്ലാത്ത റയൽ മാഡ്രിഡിനെതിരെ സിറ്റിക്ക് തന്നെയാണ് നേരിയ മുൻതൂക്കം.

4. ബാഴ്സലോണ

തുടർച്ചയായ മൂന്ന് ജയങ്ങളുമായി നോക്കൗട്ടിലേക്ക് മുന്നേറിയെങ്കിലും ബാഴ്‌സയുടെ പ്രതിരോധത്തിലെ പാളിച്ചകൾ വലിയ ആശങ്കയാണ്. ഹാൻസി ഫ്ലിക്കിന്റെ ഹൈ ലൈൻ ശൈലിയിലെ പ്രതിരോധം എത്രത്തോളം ന്യൂകാസിലിന്റെ മുന്നേറ്റ നിരയെ തടയുമെന്നുള്ളത് കണ്ടുതന്നെയറിയണം. റഫീനയുടെ തിരിച്ചുവരവോടെ മൂർച്ചകൂടിയ മുന്നേറ്റനിരയുടെ ബലത്തിൽ ന്യൂകാസിലിനെ മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് ബാഴ്സയുടെ പ്രതീക്ഷ.

3. ലിവർപൂൾ

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിന്ന് ഏറെക്കുറെ പുറത്തായ സ്ലോട്ടിന്റെ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് മാത്രമാണ് ഏക പ്രതീക്ഷ. ഗലാറ്റസറെക്കെതിരെ ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചു കയറാൻ തന്നെയാണ് സാധ്യത.

2. ബയേൺ മ്യൂണിക്ക്

ഹാരി കെയ്ൻ, മൈക്കൽ ഒലീസെ തുടങ്ങിയ താരങ്ങളുടെ മികവിൽ മികച്ച ഫോമിലാണ് ബയേൺ. ജമാൽ മുസിയാല കൂടി പരിക്കുമാറി എത്തുന്നതോടെ ബയേൺ കൂടുതൽ കരുത്തരാകും. അറ്റലാന്റയെ മറികടന്ന് മുന്നേറാൻ തന്നെയാണ് സാധ്യത.

1. ആഴ്സണൽ

നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് മൈ​ക​ൽ ആ​ർ​ടേ​റ്റയുടെ ആഴ്‌സണൽ. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒരുപോലെ കുതിപ്പ് തുടരുന്ന അവർ ഇത്തവണ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ്. അനുകൂലമായ ഫിക്സ്ചറുകളും ആർട്ടെറ്റയുടെ തന്ത്രങ്ങളും മികച്ച ഫോമിൽ കളിക്കുന്ന ടീമും അവർക്ക് വലിയ മുൻതൂക്കം നൽകുന്നു.