വൊസീഞ്ഞ ഇനി കൊളോ കൊളോ ഗോളി; ചിലിയിൽ പരിശീലനം തുടങ്ങി ലോകകപ്പിലെ ശ്രദ്ധേയതാരം

സാന്റിയാഗോ (ചിലി): ലോകകപ്പിൽ തിളങ്ങിയ കേപ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞ ചിലിയിലെ ഏറ്റവും പ്രമുഖ ക്ലബായ കോളോ കോളോയിൽ ചേർന്നു. ചെറിയ ക്ലബുകളിൽ കളിച്ച തനിക്ക് വലിയ അവസരങ്ങൾ കളിക്കാനാകുമെന്ന് സ്വയം പറയാറുണ്ടായിരുന്നെന്ന് വൊസീഞ്ഞ പറഞ്ഞു. ‘അതിനാൽ കൊളോ കൊളോയിൽ നിന്ന് വിളി വന്നപ്പോൾ മടിച്ചുനിന്നില്ലെന്ന് വൊസീഞ്ഞ പറഞ്ഞു.
ജൂലൈ അവസാനത്തിൽ കരാർ ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ വരവ് വൈകി. മറ്റ് ഓഫറുകൾ ലഭിച്ചതായി വൊസീഞ്ഞ വാർത്തസമ്മേളനത്തിൽ സമ്മതിച്ചു, പക്ഷേ ചിലിയൻ ക്ലബിനാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ചിലിയിലെ ഫുട്ബാൾ നിയമപ്രകാരം കളിക്കാർ ജഴ്സികളിൽ കുടുംബപേരുകൾ ചേർക്കണമെന്ന് നിർബന്ധമാണ്. ജോസിമർ ഇവോറ ഡയസ് എന്നാണ് ഈ താരത്തിന്റെ നിയമപരമായ പേര്. മുത്തശ്ശി എന്ന് പോർചുഗീസ് ഭാഷയിൽ അർഥമുള്ള വൊസീഞ്ഞ എന്നത് വിളിപ്പേരാണ്. എന്നാൽ, ഈ വിളിപ്പേര് തന്നെ ജഴ്സിയിലും തുടരാൻ ചിലി ഫുട്ബാൾ ഫെഡറേഷൻ അനുവദിക്കുകയായിരുന്നു.
ജീവിതകാലം മുഴുവൻ ഞാൻ ഉപയോഗിച്ച പേരാണിത്.
നാട്ടിൽ ഇതിന് വലിയ പ്രാധാന്യവും സമ്പന്നമായ ചരിത്രവുമുണ്ട്. എന്റെ മുത്തശ്ശി ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ അഭിമാനിക്കുമായിരുന്നു. കരിയറിന്റെ ശേഷിച്ച കാലം അവർക്കുള്ള ഓർമപ്പൂക്കളായി വൊസീഞ്ഞ എന്ന പേര് ഉപയോഗിക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്ന് താരം പറഞ്ഞു. ഞായറാഴ്ച സാന്റിയാഗോ വിമാനത്താവളത്തിലെത്തിയ വൊസീഞ്ഞക്ക് ആരാധകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.
തിങ്കളാഴ്ച വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കരാർ ഒപ്പിടുകയായിരുന്നു. ചൊവ്വാഴ്ച പരിശീലനത്തിനായി ടീമംഗങ്ങളോടൊപ്പം ചേർന്നു. ചിലിയൻ ലീഗിൽ മുന്നിൽ നിൽക്കുന്ന കൊളോ കൊളോ ഞായറാഴ്ച യൂനിയൻ ലാ കാലേരയെ നേരിടുമ്പോൾ ഗോൾവല കാക്കാൻ വൊസീഞ്ഞയുണ്ടാകും.
സ്പെയിൻ, ഉറുഗ്വേ, അർജന്റീന തുടങ്ങിയ ടീമുകൾക്കെതിരെ നടത്തിയ മികച്ച പ്രകടനങ്ങൾ വൊസീഞ്ഞയെ ശ്രദ്ധേയനാക്കിയിരുന്നു. ഇദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുണക്കുന്നവരുടെ എണ്ണം 50000 ൽനിന്ന് ഏകദേശം മൂന്ന് കോടിയായി ഉയർന്നിരുന്നു. ഫിഫയുടെ ലോകകപ്പ് ബെസ്റ്റ് ഇലവനിൽ ഇടവും നേടി.
