ഇനിയവർക്ക് അതിജീവനത്തിന്റെ പുതിയ വിലാസം
കൽപറ്റ: പ്രകൃതിക്കലിയിൽ ഒറ്റ രാത്രി കൊണ്ട് വയനാടിന്റെ ഭൂപടത്തില്‍നിന്നു പാടേ മാഞ്ഞുപോയ രണ്ട് ഗ്രാമങ്ങളില്‍ ബാക്കിയായ മനുഷ്യരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാരും കരുണ വറ്റാത്ത മനുഷ്യരും സംഘടനകളും നടത്തിയ പ്രയത്നങ്ങൾക്ക് ഇന്ന് അഭിമാന ദിനം.
2024 ജൂലൈ 30നുണ്ടായ വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടൽ നടന്നിട്ട് 19 മാസം പിന്നിടുമ്പോള്‍, ദുരന്ത മേഖലയില്‍ നിന്നും അല്പ പ്രാണനുമായി രക്ഷപ്പെട്ടവരുടെ ജീവിതം പടുത്തുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ 178 കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങൾ ഞായറാഴ്ച കൈമാറും. ബാക്കി വീടുകളുടെ നിർമാണം പുരോഗമിച്ചുവരികയാണ്. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഗുണഭോക്താക്കള്‍ക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയങ്ങളും മുഖ്യമന്ത്രി കൈമാറും. കെ.എസ്.എഫ്.ഇ ഫണ്ട് വകയിരുത്തി നിർമിക്കുന്ന കല്പറ്റ ജനറല്‍ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
മന്ത്രി കെ. രാജന് അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ഒ.ആര്. കേളു, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ്കുമാര്, കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കല്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയില്‍ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് ഇവിടെ താമസിക്കുക. വൈദ്യുതി-കുടിവെള്ള കണക്ഷനുകളുടെ ജൂണ്‍ മാസം വരെയുള്ള തുക സര്‍ക്കാര്‍ അടക്കും. മൂന്ന് മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കും.
