നഴ്സുമാരുടെ വേതന വർധന; ഒരു വിഭാഗം സ്വകാര്യ ആശുപത്രികളുമായി സമവായം
തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) തിങ്കളാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, ഒരുവിഭാഗം ആശുപത്രി മാനേജ്മെന്റുകളുമായി അസോസിയേഷന് സമവായത്തിലെത്തി. തൃശൂരില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചയിൽ ജില്ലയിലേത് ഉൾപ്പെടെ ചില സ്വകാര്യ ആശുപത്രികളുമായാണ് ധാരണയായത്.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ക്ക് 32,700 രൂപ മൊത്തം ശമ്പളമാക്കുക, നിലവിലുള്ള സ്റ്റാഫ് നഴ്സുകള്‍ക്ക് 8,000 മുതല്‍ 12,000 രൂപ വരെ ശമ്പളവര്‍ധന നല്‍കുക തുടങ്ങിയ യു.എന്‍.എയുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചതായി സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രികളില്‍ ട്രെയിനി നഴ്സ് സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനമായി. അതേസമയം, ശമ്പളവർധന നടപ്പാക്കാത്ത ആശുപത്രികളില്‍ സമരം തുടരും. ശമ്പളത്തില്‍ 5,000 രൂപ വര്‍ധിപ്പിക്കാമെന്ന ചില മാനേജ്മെന്റുകളുടെ നിര്‍ദേശം അസോസിയേഷന് തള്ളി.
