പരാജയമുഖത്ത് രക്ഷകനായി അജ്സൽ, ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് ബ്ലാസ്റ്റേഴ്സിന് ആദ്യ പോയന്റ്

കൊൽക്കത്ത: നാല് തുടർ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഇഞ്ച്വറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്സൽ നേടിയ മിന്നും ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ആവേശസമനില. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 1-1ന് സമനിലയിൽ തളച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ പോയന്റ് സ്വന്തമാക്കിയത്. മത്സരത്തിൽ തോൽവി ഉറപ്പിച്ചുനിൽക്കെ കോർണർ കിക്കിൽനിന്നു വന്ന പന്തിനെ അജ്സൽ ഫ്രീ ഹെഡറിലൂടെ വലയിലേക്ക് തള്ളുകയായിരുന്നു. നിരന്നു നിന്ന പ്രതിരോധനിരക്കാർക്കും ഈസ്റ്റ് ബംഗാൾ ഗോളിക്കും അവസരമൊന്നും നൽകാതെ തകർപ്പൻ ഹെഡർ വല തുളഞ്ഞുകയറിയതോടെ ബ്ലാസ്റ്റേഴ്സിന് ആഘോഷമായി. തുടരെ അഞ്ചാം തോൽവി എന്ന നാണക്കേടിൽനിന്നാണ് അജ്സലിന്റെ ഗോൾ കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് മത്സരങ്ങളിൽ നിന്നുള്ള രണ്ടാമത്തെ മാത്രം ഗോളാണ് ഇത്.
പത്താം മിനിറ്റിൽ യൂസഫ് എസെജ്ജാരിയെ ഐബൻ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്. കിക്ക് എടുത്ത എസെജ്ജാരി ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു (1-0). ഗോൾ വഴങ്ങിയിട്ടും ആദ്യപകുതിയിൽ വീറോടെ പൊരുതിയ ബ്ലാസ്റ്റേഴ്സ് നിരന്തരമായ പ്രത്യാക്രമണങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ മുൾമുനയിൽ നിർത്തി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഈസ്റ്റ് ബംഗാൾ കഠിനമായി പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അചഞ്ചലമായിനിന്നു. ഇടക്കിടെയുള്ള മുന്നേറ്റങ്ങളിൽനിന്നും സമനില ഗോൾ പ്രതീക്ഷിച്ച് നിരാശരായതിന് ഒടുവിലാണ് ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്.
