എർലിങ് ഹാലണ്ട് നോർവെയിലെത്തിയപ്പോൾ കൂടെ ‘മരപ്പട്ടി’യും! യു.എസിൽ നിന്നു കൂടെ കൂട്ടിയ റാക്കൂൺ തരംഗമാകുന്നു

നോർവെ ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും എർലിങ് ഹാലണ്ട് ഇപ്പോളും സമൂഹമാധ്യമങ്ങളിലെ ട്രെന്‍റിങ് താരമാണ്. നോർവീജിയൻ സ്ട്രൈക്കർ തന്‍റെ ഊർജസ്വലമായ ഫുഡ്ബോൾ വൈഭവം കൊണ്ടും രസകരമായ വ്യക്തിത്വത്താലും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹാലണ്ട് തരംഗം അദ്ദേഹം കളി കഴിഞ്ഞ് യുഎസ് വിട്ടപ്പോൾ കൂടെ കൂട്ടിയ ഒരു അതിഥി കാരണമാണ്.

നോർവെ ടീം ഓസ്ലോയിലെ ഗാർഡൻമോൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഹാലണ്ടിനെ കാത്തിരുന്ന ആരാധകരും മാധ്യമ പ്രവർത്തകരും അദ്ദേഹത്തിനൊപ്പം ഒരു കുഞ്ഞൻ അതിഥിയെ കൂടി കണ്ടു. ഒരു റാക്കൂൺ അധവാ മരപ്പട്ടി. ഹാലണ്ട് റാക്കൂണുമായി വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അദ്ദേഹം തന്നെ തന്‍റെ കുഞ്ഞനതിഥിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് എന്നെ പിന്തുടർന്ന് വന്നതാണെന്ന് ഹാലണ്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച റാക്കൂണിന്‍റെ ചിത്രത്തിന് അഠിക്കുറിപ്പായി പറഞ്ഞു.

ലോകകപ്പ് ടൂർണമെന്‍റിന്‍റെ ഭാഗമായി നോർവെ ടീം ടെക്സസിൽ ക്യാമ്പ് ചെയ്തിരുന്ന സമയത്തായിരുന്നു ഈ റാക്കൂൺ ഹാലണ്ടിനൊപ്പം കൂടിയത്. മത്സരത്തിന്‍റെ ഇടവേളകളിൽ വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ സന്ദർശിച്ച ഹാലണ്ട് മദ്യക്കുപ്പി കൈയിൽ പിടിച്ചിരിക്കുന്ന റാക്കൂണിന്‍റെ ശിൽപം കാണുകയും ഇഷടപ്പെടുകയും ചെയ്തു. വിസ്കി റാക്കൂൺ എന്ന് വിളിക്കുന്ന ഈ സ്റ്റഫ്ഡ് മൃഗത്തെ താരം സ്വന്തമാക്കുകയായിരുന്നു.

ഹാലണ്ട് ഈ റാക്കൂണിനെ സ്വന്തമാക്കിയതിനു പിന്നാലെ ഈ കടയിലെ വിസ്കി റാക്കൂണുകൾക്ക് വൻ ഡിമാന്‍റാണ് വന്നിരിക്കുന്നത്. 750 ഡോളറിന്‍റെ റാക്കൂണുകളാണ് ഇതിനകം വിറ്റുപോയിരിക്കുന്നതെന്ന് കടയുടമകൾ പറയുന്നു. ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും നോർവെ താരം ഹാലണ്ട് ആരാധകർക്കിടയിൽ അനുദിനം തരംഗമാവുകയാണ്.