എന്നെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നു?; മാധ്യമങ്ങളോട് വി.എസ് ശിവകുമാർ



കോഴിക്കോട് : തിരുവന്തപുരം സീറ്റിനായി കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞെന്ന വാർത്തകളെ നിഷേധിച്ച് മുൻ മന്ത്രി വി.എസ് ശിവകുമാർ. എന്നെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നു? എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവകുമാർ തന്‍റെ നയം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതേതര വിശ്വാസികളെ തന്നിൽ നിന്ന് അകറ്റാനുള്ള കുത്സിതശ്രമമാണ് ഈ “വാർത്ത”യെന്നും രാഷ്ട്രീയഗുരുവായ ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയപ്പോൾ പോലും താൻ കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണെന്നും പോസ്റ്റിലുണ്ട്.

കോൺഗ്രസ് പ്രസ്ഥാനവും എന്റെ പ്രിയപ്പെട്ട പ്രവർത്തകരും എൻറെ ജീവശ്വാസമാണ്. അതിനെ വഞ്ചിച്ചു കൊണ്ട് വർഗീയതയുമായി സന്ധി ചെയ്യാൻ ഞാൻ ഒരു നീക്കം നടത്തും എന്ന് പറയുന്നത് പോലും എന്നെ, എൻറെ അസ്തിത്വത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഇതിലും വലിയ ഒരു അസത്യം എന്നെക്കുറിച്ച് പറയാനില്ല. ഇതൊക്കെ എഴുതേണ്ടിവരും എന്നു വിചാരിച്ചത് അല്ല. പക്ഷേ കൃത്യമായി ടാർഗറ്റ് ചെയ്ത് വേട്ടയാടുകയാണ്. ഈ വാർത്ത, അല്ല പച്ചക്കള്ളം, ആരുടെ പിആർ സ്ട്രാറ്റജി ആണ് എന്ന് എനിക്ക് അറിയില്ല, അറിയുകയും വേണ്ട. പക്ഷേ അഞ്ചു പതിറ്റാണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരാളെ, അഞ്ചു പതിറ്റാണ്ട് കോൺഗ്രസിന്റെ ഖദർ അഭിമാനത്തോടെ ധരിച്ച ഒരാളെ, പൊതുജനത്തിന് മുന്നിൽ അപമാനിക്കുക എന്നത് ആണ് മാധ്യമപ്രവർത്തനം എന്ന് ധരിച്ചുവശായ ആളുകൾ ഉണ്ടെങ്കിൽ, അതല്ല എന്ന് ജനം തിരിച്ചറിയുന്ന നാളുകൾ വിദൂരമല്ലെന്നും ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

എന്നെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നു?

ന്യൂസ് മലയാളം 24×7 ചാനൽ തന്നെ ഒരുമാസത്തിനുള്ളിൽ രണ്ട് തവണയാണ് എൻറെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകൾ വച്ചുകൊണ്ട് ഞാൻ ബിജെപിയിലേക്ക് പോകുന്നു എന്ന് വാർത്ത പ്രചരിപ്പിക്കുന്നു. ആദ്യത്തെ തവണ സംഭവിച്ചപ്പോൾ തന്നെ മറുപടി അർഹിക്കാത്തതായതിനാൽ ഞാനത് പരിഹസിച്ച് തള്ളിയിരുന്നു. ഇന്ന് രണ്ടാമത്തെ തവണ അതേ നുണ ആവർത്തിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതേതര വിശ്വാസികളെ എന്നിൽ നിന്ന് അകറ്റാനുള്ള കുത്സിതശ്രമമാണ് ഈ “വാർത്ത”.

എന്നെ അറിയാവുന്നവർക്ക് അറിയാം, ഇത്തരം നുണകളുടെ പരിഹാസ്യത. എൻറെ രാഷ്ട്രീയഗുരുവായ, എന്നെ ഞാനാക്കിയ, ബഹുമാന്യനായ ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ടു പോയപ്പോൾ പോലും ഞാൻ കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ആളാണ്. ആ പ്രതിസന്ധിയിലും കോൺഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ടായി നിന്ന് ജില്ലയിൽ ചരിത്രത്തിലുള്ള ഏറ്റവും വലിയ അസംബ്ലി – കോർപ്പറേഷൻ – ജില്ലാ പഞ്ചായത്ത് വിജയങ്ങൾ നേടിയെടുത്തു. സമീപകാലത്ത് തന്നെ 30 കൊല്ലമായി കോൺഗ്രസിൽ നിന്നും അകന്നു നിൽക്കുന്ന കൊല്ലം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘടന ശക്തമാക്കി കോർപ്പറേഷൻ നേടിയെടുത്തത് എൻറെ നേതൃത്വത്തിലാണ്. ആ ഞാനാണ് കോൺഗ്രസ് വിട്ടുപോകുമെന്ന് പറയുന്നത്!

കോൺഗ്രസ് പ്രസ്ഥാനവും എന്റെ പ്രിയപ്പെട്ട പ്രവർത്തകരും എൻറെ ജീവശ്വാസമാണ്. അതിനെ വഞ്ചിച്ചു കൊണ്ട് വർഗീയതയുമായി സന്ധി ചെയ്യാൻ ഞാൻ ഒരു നീക്കം നടത്തും എന്ന് പറയുന്നത് പോലും എന്നെ, എൻറെ അസ്തിത്വത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഇതിലും വലിയ ഒരു അസത്യം എന്നെക്കുറിച്ച് പറയാനില്ല. ഇതൊക്കെ എഴുതേണ്ടിവരും എന്നു വിചാരിച്ചത് അല്ല. പക്ഷേ കൃത്യമായി ടാർഗറ്റ് ചെയ്ത് വേട്ടയാടുകയാണ്. ഈ വാർത്ത, അല്ല പച്ചക്കള്ളം, ആരുടെ പിആർ സ്ട്രാറ്റജി ആണ് എന്ന് എനിക്ക് അറിയില്ല, അറിയുകയും വേണ്ട. പക്ഷേ അഞ്ചു പതിറ്റാണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരാളെ, അഞ്ചു പതിറ്റാണ്ട് കോൺഗ്രസിന്റെ ഖദർ അഭിമാനത്തോടെ ധരിച്ച ഒരാളെ, പൊതുജനത്തിന് മുന്നിൽ അപമാനിക്കുക എന്നത് ആണ് മാധ്യമപ്രവർത്തനം എന്ന് ധരിച്ചുവശായ ആളുകൾ ഉണ്ടെങ്കിൽ, അതല്ല എന്ന് ജനം തിരിച്ചറിയുന്ന നാളുകൾ വിദൂരമല്ല.

എന്നെ എൻറെ പ്രസ്ഥാനത്തിൽ നിന്ന് അകറ്റാൻ നിങ്ങൾ കൂട്ടിയാൽ കൂടില്ല. വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ ത്രിവർണ്ണപതാകയും ഉയർത്തിപ്പിടിച്ച് ഞാനിവിടെത്തന്നെ കാണും, ഒരു ചെളികുണ്ടിലും വീഴാതെ.

-വി.എസ് ശിവകുമാർ