ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി; അയർലൻഡിനോട് പരാജയപ്പെട്ടത് 34 റൺസിന്, വൈഭവ് സൂര്യവംശി ആദ്യ കളിയിൽ ടീമിലിടം പിടിച്ചില്ല

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 34 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. അയർലൻഡ് ഒമ്പത് വിക്കറ്റിന് 182 റൺസ് നേടി. ഇന്ത്യയുടെ പോരാട്ടം 18.5 ഓവറിൽ 148 റൺസിൽ അവസാനിച്ചു. കൗമാര താരം വൈഭവ് സൂര്യവംശി ആദ്യ കളിയിൽ ടീമിലിടം നേടിയില്ല. ലോകചാമ്പ്യന്മാരായ ഇന്ത്യൻ ബാറ്റർമാരെ ഐറിഷ് ബൗളർമാർ വരച്ചവരയിൽ നിർത്തി.
90 റൺസിനിടെ അഞ്ച് പ്രമുഖരാണ് പുറത്തായത്. ആദ്യം മടങ്ങിയത് കഴിഞ്ഞ ലോകകപ്പിലെ താരമായിരുന്ന സഞ്ജു സാംസണായിരുന്നു. അഞ്ച് റൺസ് മാത്രം നേടിയ മലയാളി ഓപണറെ ജയ് മൂൻഡ്ര ക്ലീൻ ബൗൾഡാക്കി.
മറുഭാഗത്ത് അഭിഷേക് ശർമ തുടക്കം മുതൽ അടിയായിരുന്നു. 20 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സുമടക്കം 50 റൺസ് നേടിയ എട്ടാം ഓവറിലാണ് പുറത്തായത്. അതിന് മുമ്പ് ഇഷാൻ കിഷൻ (ഒന്ന്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (മൂന്ന്) എന്നിവർ പുറത്തായി. തിലക് വർമ 19ഉം വാഷിങ്ടൺ സുന്ദർ ഒമ്പതും റൺസ് നേടി. പിന്നീട് ശിവം ദുബെ (25) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മാറ്റ് ഹോളാഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിനയച്ചു. ബെൽഫാസ്റ്റിൽ ഫാസ്റ്റ് ബൗളർമാർ തിളങ്ങിയതോടെ പവർപ്ലേ സമയത്ത് ഐറിഷുകാർ മൂന്നിന് 36 എന്ന നിലയിലായിരുന്നു. ഹർഷിത് റാണ മൂന്നും അർഷ്ദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ ലോർകാൻ ടക്കറും (50) ഗരെത് ഡെലാനിയും (49) ആണ് ആതിഥേയർക്ക് പൊരുതാനുള്ള സ്കോർ നൽകിയത്.
