നിയമസഭ തെരഞ്ഞെടുപ്പ്; ഏറനാടിന്റെ പൊരുത്തം ആരോട്?

അരീക്കോട്: 2011ൽ നിലവിൽവന്ന ഏറനാട് മണ്ഡലം തുടർച്ചയായി യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമാണ്. എന്നാൽ, എൽ.ഡി.എഫിനും ഇവിടെ കൃത്യമായ വോട്ട്ബാങ്കുണ്ട്. മണ്ഡലം രൂപപ്പെട്ടത് മുതൽ മുസ്‍ലിം ലീഗിലെ പി.കെ. ബഷീറാണ് എം.എൽ.എ. 2011ൽ പി.കെ. ബഷീറിനെതിരെ എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചത് സി.പി.ഐയിലെ അഷറഫലി കാളിയത്ത് ആയിരുന്നെങ്കിലും സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനുവേണ്ടി സി.പി.എം പ്രവർത്തകർ പ്രചാരണത്തിനിറങ്ങിയ അപൂർവ സംഭവത്തിനും ആ തെരഞ്ഞെടുപ്പ് സാക്ഷിയായി.

എൽ.ഡി.എഫിനകത്തെ ആശയക്കുഴപ്പം യു.ഡി.എഫ് ഗുണം ചെയ്തു. 11246 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. ബഷീറിന് പിന്നിൽ അൻവർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി ബി.ജെ.പിക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2016ൽ പി.കെ. ബഷീറിനെതിരെ എൽ.ഡി.എഫിൽ സി.പി.ഐ സ്വതന്ത്രനായി കെ.ടി. അബ്ദുറഹ്മാൻ മാറ്റുരച്ചു. ഈ തെരഞ്ഞെടുപ്പിൽ ബഷീറിന് 12893 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2021ൽ പി.കെ. ബഷീർ, കെ.ടി. അബ്ദുറഹ്മാനെ തോൽപിച്ചത് 22546 വോട്ടുകൾക്കാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ മണ്ഡലത്തിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്.

എൽ.ഡി.എഫ് ഭരിച്ചിരുന്ന എടവണ്ണ അടക്കം മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫാണ് അധികാരത്തിൽ. ഇത്തവണ യുവനേതാവായ അഡ്വ. സഫീർ കിഴിശ്ശേരിയെ സി.പി.ഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിന്റെ വികസന നേട്ടം ചൂണ്ടിക്കാട്ടി ഏറനാട് പിടിക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ യു.ഡി.എഫിൽ സിറ്റിങ് എം.എൽ.എയായ പി.കെ. ബഷീർ വീണ്ടും സ്ഥാനാർഥി ആയേക്കും. ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. എൽ.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. സഫീർ കിഴിശ്ശേരിയെ സി.പി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി പട്ടികയായിട്ടില്ല.

2021 നിയമസഭ

  • യു.ഡി.എഫ് 78,076
  • എൽ.ഡി.എഫ് 55,530
  • എൻ.ഡി.എ 6,683
  • ഭൂരിപക്ഷം 22,546

2024 ലോക്സഭ

  • യു.ഡി.എഫ് 95,194
  • എൽ.ഡി.എഫ് 37,451
  • എൻ.ഡി.എ 9,723
  • ഭൂരിപക്ഷം 57,743

2024 ലോക്സഭ ഉപതെരഞ്ഞെടുപ്പ്

  • യു.ഡി.എഫ് 91,974
  • എൽ.ഡി.എഫ് 27,770
  • എൻ.ഡി.എ 7,455
  • ഭൂരിപക്ഷം 64,204

2025 തദ്ദേശം

  • യു.ഡി.എഫ് 90841
  • എൽ.ഡി.എഫ് 67737
  • എൻ.ഡി.എ 3169
  • ഭൂരിപക്ഷം 23104