എൻ.ഡി.എയിൽ പൊട്ടിത്തെറി; ബി.ജെ.പി പണം നോക്കി സീറ്റ് കൊടുക്കുന്ന പാർട്ടിയെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ എൻ.ഡി.എയിൽ വൻ പൊട്ടിത്തെറി. ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി എൻ.ഡി.എയിലെ ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് രംഗത്തെത്തി. പണം നോക്കി സീറ്റ് കൊടുക്കുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. മുന്നണി വിട്ടു പോകില്ലെന്നും എന്നാൽ, ഉള്ള കാര്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു
‘പണം നോക്കി സീറ്റ് കൊടുക്കുന്ന പാർട്ടിയായി ബി.ജെ.പി അധപതിച്ചു. ആ തെറ്റവർ തിരുത്തണം. ഒരു ഗ്രൂപ്പിന്റെ ആളുകളുടെ ആധിപത്യമാണ് പാർട്ടിയിൽ നടക്കുന്നത്. ഘടകകക്ഷികൾക്ക് ഒന്നും തന്നെ ചെയ്യാത്ത അവസ്ഥ. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കീഴെ നിൽക്കുന്ന ആളുകളും ഒരു ഗ്രൂപ്പിന്റെ വക്താക്കളാണ്. സാധാരണക്കാരനെ തഴയുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത് മീഡിയയിലൂടെ തന്നെ ഞാൻ തുറന്നു പറയുന്നത്’ -വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
നേരത്തെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായി കാമരാജ് കോൺഗ്രസിനെ വി.ഡി. സതീശൻ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. തങ്ങളെ അംഗമാക്കാൻ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ എന്നും സ്വയം സേവകൻ തന്നെയാണെന്നുമായിരുന്നു വിഷ്ണുപുരം ചന്ദ്രശേഖരൻ അന്ന് പ്രതികരിച്ചത്.
‘ഞങ്ങൾക്ക് എൻ.ഡി.എയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ പ്രാപ്തനാണ്. തങ്ങളുടെ വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. എൻ.ഡി.എയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ട്. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരിഗണന നൽകുന്നുണ്ട്. എൻ.ഡി.എ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ല. എൻ.ഡി.എ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഉൾക്കൊളളാൻ കഴിയാത്തതാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ 300ഓളം സീറ്റുകൾ ബി.ഡി.ജെ.എസിന് കൊടുത്തതിൽ അവർ വിജയിച്ചില്ല. ഞങ്ങൾക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികൾക്ക് വോട്ടിടാനുള്ള വൈമനസ്യം ബി.ജെ.പിക്കുണ്ട്. ആ സമീപനം ബി.ജെ.പി തിരുത്തണം’ -എന്നായിരുന്നു അന്ന് ചന്ദ്രശേഖരൻ പറഞ്ഞത്.
