കാലാവസ്ഥ വില്ലനായി; മെക്‌സിക്കോ-ഇംഗ്ലണ്ട് പ്രീക്വാർട്ടർ മത്സരം വൈകും

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെക്‌സിക്കോ-ഇംഗ്ലണ്ട് പ്രീക്വാർട്ടർ മത്സരം ഒരു മണിക്കൂർ വൈകി ആരംഭിക്കും. മെക്‌സിക്കോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്‌റ്റേഡിയത്തിൽ കനത്ത മഴയും മിന്നലും തുടരുന്ന സാഹചര്യത്തിലാണ് ഫിഫ കിക്കോഫ് സമയം മാറ്റിയത്. പുതിയ സമയക്രമമനുസരിച്ച് ഇന്ത്യൻ സമയം ഇന്ന് രാവിലെ 6:30-നാകും മത്സരം ആരംഭിക്കുക.

ആദ്യം നിശ്ചയിച്ചിരുന്ന സമയപ്രകാരം ഇന്ത്യൻ സമയം പുലർച്ചെ 5:30-നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. സ്റ്റേഡിയത്തിന് സമീപം ആരംഭിച്ച മിന്നലും തുടർന്നുണ്ടായ കനത്ത മഴയും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയായിരുന്നു. കാണികളുടെയും താരങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് മത്സരം ഒരു മണിക്കൂർ വൈകിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതിനായി പ്രാദേശിക അധികാരികളുമായും ഇരു രാജ്യങ്ങളിലെയും ഫുട്ബോൾ അസോസിയേഷനുകളുമായും ഫിഫ വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

ആതിഥേയരായ മെക്സിക്കോ ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കുതിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് മത്സരത്തിലും ആധികാരിക ജയം നേടിയ അവരുടെ പ്രതിരോധം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകും. മറുവശത്ത് ഇംഗ്ലണ്ട് ടീമിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയാണ് കോച്ച് തോമസ് ടുഷേൽ തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നത്. ആദ്യ ഇലവനിൽ മാർക്കസ് റാഷ്ഫോർഡിന് പകരം ആന്തണി ഗോർഡനും, നോനി മഡുക്കേയ്ക്ക് പകരം ബുക്കായോ സാക്കയും ഇടം പിടിച്ചു.

ഒരുപക്ഷേ മത്സരം എക്സ്ട്രാ ടൈമിലേക്കോ പെനാൽറ്റി ഷൂട്ടൗട്ടിലേക്കോ നീളുകയാണെങ്കിൽ കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ, അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.