രണ്ടത്താണി -സി.പി.എം ഡീൽ? തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കാൻ നീക്കം
മലപ്പുറം: പാർട്ടി സ്ഥാനാർഥി നിർണയത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണിയെ പുറത്തുചാടിക്കാൻ സി.പി.എം നീക്കം. തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാർഥിയായ പി.എ.എം സമീറിനെതിരെ രണ്ടത്താണി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കാനാണ് സി.പി.എം ശ്രമം.
നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാർട്ടിയെ സ്നേഹിക്കുന്നവർ ഇദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്മാൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ സി.പി.എം സമീപിച്ചത്.
ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തു.
എന്നാൽ, ഇന്ന് രാവിലെ വീണ്ടും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില് പോസ്റ്റിടുകയായിരുന്നു. അതേസമയം രണ്ടത്താണി പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അതൃപ്തികളെല്ലാം കേൾക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
