മാർച്ച് 5 മുതൽ 10 വരെ സി.സി മുകുന്ദനെതിരെ ഒപ്പുശേഖരണം; 19 ന് സ്ഥാനാർഥിയാക്കി ജയ്‍വിളി; നാട്ടികയിലെ ബി.ജെ.പി പ്രവർത്തകരുടെ അവസ്ഥ പരിതാപകരമെന്ന് സോഷ്യൽ മീഡിയ



നാട്ടിക : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ 39 അംഗ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തുവിട്ടപ്പോൾ നാട്ടികയിൽ സി.സി മുകുന്ദനാണ് സ്ഥാനാർഥി. നിലവിൽ നാട്ടികയിലെ എം.എൽ.എ ആയിരുന്ന മുകുന്ദൻ സി.പി.ഐ യുമായി ഇടഞ്ഞാണ് ബി.ജെ.പി പാളയത്തിലെത്തിയത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ബി.ജെ.പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്ററാണ്. കഴിഞ്ഞ മാർച്ച് നാലിന് പുറത്തിറക്കിയ പോസ്റ്ററിൽ സ്ഥലം എം.എൽ.എയായ മുകുന്ദനെതിരെ ഒരു ലക്ഷം ഒപ്പുശേഖരണം നടത്തുന്ന വാർത്തയായിരുന്നു. മാർച്ച് 5 മുതൽ 10 വരെയായിരുന്നു ഒപ്പുശേഖരണം. എന്നാൽ ഒപ്പുശേഖരണം കഴിഞ്ഞ് 10 ദിവസം തികയും മുമ്പ് ഇതേയാൾക്കുവേണ്ടി ജയ് വിളിക്കേണ്ട ദുരവസ്ഥയാണ് നാട്ടികയിലെ ബി.ജെ.പി പ്രവർത്തരുടേത്. പോസ്റ്ററും എം.സി മുകുന്ദന്‍റെ ചിത്രവും ഇതിനകം സോഷ്യൽ മീഡിയയിൽ ട്രോളായി മാറിയിട്ടുണ്ട്. ഇന്നലെ വരെ അഴിമതിയും വികസന മുരടിപ്പും ആരോപിച്ച് ഒപ്പിട്ട് പ്രതിഷേധിച്ചവർക്ക് തന്നെ ഇന്ന് മുകുന്ദന്റെ പോസ്റ്റർ ഒട്ടിക്കേണ്ടി വരുന്ന അവസ്ഥയാണ്.