സൗദി ക്ലബായ ‘അൽ അഹ്‌ലി’യോട് വിടപറഞ്ഞ് അൾജീരിയൻ സൂപ്പർ താരം റിയാദ് മഹ്‌റെസ്; മൂന്ന് സീസൺ നീണ്ട വിജയയാത്രക്ക് സമാപ്തി

റിയാദ്​: അൾജീരിയൻ സൂപ്പർ താരം റിയാദ് മഹ്‌റെസ് സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്‌ലിയിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങി. ‘അൽ റാഖി’ ജേഴ്സിയിൽ ആഭ്യന്തര-ഭൂഖണ്ഡാന്തര തലങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരത്തി​െൻറ മൂന്ന് സീസൺ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ സമാപ്തിയായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ലബ്ബിന്റെ മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച മഹ്‌റെസിന് നന്ദി പറഞ്ഞുകൊണ്ട് അൽ അഹ്‌ലി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിടവാങ്ങൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അൽ അഹ്‌ലിക്ക് വേണ്ടി കളിച്ച 122 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടുകയും 46 ഗോളുകൾക്ക് വഴിയൊരുക്കുകയും (Assists) ചെയ്ത മഹ്‌റെസ്, ടീമിൽ താൻ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്ന കണക്കുകളുമായാണ് മടങ്ങുന്നത്. ആകെ 83 ഗോൾ സംഭാവനകൾ നൽകിയ താരം, ശരാശരി ഓരോ 1.47 മത്സരത്തിലും ഒരു ഗോൾ പങ്കാളിത്തം എന്ന മികച്ച റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

വ്യക്തിഗത മികവിനപ്പുറം ടീമിനെ പ്രമുഖ കിരീടങ്ങളിലേക്ക് നയിക്കാനും മഹ്‌റെസിന് സാധിച്ചു. 2024-25, 2025-26 സീസണുകളിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, 2025-ലെ സൗദി സൂപ്പർ കപ്പും അൽ-അഹ്‌ലിക്ക് നേടിക്കൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിൽ ക്ലബ്ബിനായി നൽകിയ അമൂല്യമായ സംഭാവനകൾക്ക് ആരാധകരുടെ വലിയ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടാണ് അൽ അഹ്‌ലിയിലെ ത​െൻറ വിജയകരമായ അധ്യായം അവസാനിപ്പിച്ച് റിയാദ് മഹ്‌റെസ് ടീം വിടുന്നത്.