ദുർബലന് വേണ്ടി പൊരുതാനുള്ള ആഹ്വാനമാണ് പെരുന്നാൾ -പി. മുജീബ് റഹ്മാൻ
കോഴിക്കോട്: പരസ്പര സ്നേഹവും സഹവർത്തിത്വവും ദുർബല വിഭാഗങ്ങൾക്ക് വേണ്ടി കൈകോർക്കാനുള്ള ആഹ്വാനവുമാണ് ചെറിയ പെരുന്നാളെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ ഈദ് സന്ദേശത്തിൽ പറഞ്ഞു. ശരീരമാത്ര ജീവിതത്തിൽ നിന്ന് വിടുതൽ നേടി സദ്കർമങ്ങളിലൂടെ ദൈവ സാമീപ്യം നേടിയതിന്റെ സന്തോഷമാണ് പെരുന്നാൾ. റമദാൻ പഠിപ്പിച്ച മഹിതമായ മൂല്യങ്ങൾ തുടർന്നുള്ള ജീവിതത്തിലും കൈവിടരുതെന്ന് അമീർ വിശ്വാസികളെ ഉണർത്തി.
ദേശ, ജാതി, വർണ, രാഷ്ട്രീയ, മത ഭേദങ്ങൾക്കതീതമായി മനുഷ്യരെ സഹോദരൻമാരായി കാണാനും സഹവർത്തിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സമൂഹത്തെ ധ്രുവീകരിക്കാനും സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി അവരെ ഉപയോഗപ്പെടുത്താനുമുള്ള ശ്രമം വ്യാപകമാകുമ്പോൾ പെരുന്നാൾ ഉയർത്തിപ്പിടിക്കുന്ന സഹോദര്യ സന്ദേശം പ്രസക്തമാണ്. പശ്ചിമേഷ്യയിൽ സാമ്രാജ്യത്വം വിതയ്ക്കുന്ന ദുരിതങ്ങളുടെ വാർത്തകളാണ് അനുദിനം കേൾക്കുന്നത്. നിരപരാധികളെ ആൾക്കൂട്ട കൊലക്ക് വിധേയമാക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. നീതിയുടെ പക്ഷത്ത് നിന്ന് ആക്രമികൾക്കെതിരെ അണിനിരക്കാൻ നമുക്ക് ബാധ്യതയുണ്ടെന്ന് പെരുന്നാൾ ഓർമിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യർക്ക് വേണ്ടി പ്രാർഥിക്കണമെന്നും അമീർ ഓർമപ്പെടുത്തി.
