'എൽ.ഡി.എഫ് മൂന്നാമതും വരാനുള്ള സാധ്യത കുറവ്; മറ്റെവിടെയും പ്രചാരണത്തിന് പോകില്ല, ചേർത്തലയിൽ പി. പ്രസാദിനെതിരെ സംസാരിക്കും' -ജി. സുധാകരൻ



ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് സി.പി.എം നേതാവ് ജി. സുധാകരൻ. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്കെതിരായ കള്ളപ്പരാതിക്ക് പാർട്ടിയിലെ ഉന്നതതലങ്ങളിൽ ഉള്ളവർ വരെ കൂട്ടുനിന്നു എന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എൽ.ഡി.എഫ് മൂന്നാമതും വരാനുള്ള സാധ്യത കുറവാണ്. മറ്റെവിടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും എന്നാൽ ചേർത്തലയിൽ പി. പ്രസാദിനെതിരെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ലെന്നും ഇലക്ഷൻ കൺവെൻഷൻ നടത്തില്ലെന്നും സുധാകരൻ വ്യക്തമാക്കി. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും ഉണ്ട് അത് വളരാൻ പാടില്ല എന്ന് ജി. സുധാകരൻ പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും അദ്ദേഹം വിമർശിച്ചിരുന്നു.