വി. സുരേന്ദ്രൻ പിളള ‘ദേ പോയി ദാ വന്നു’; രാജിപിൻവലിച്ച് ആർ.ജെ.ഡിയിൽ തിരിച്ചെത്തി
തിരുവനന്തപുരം: ‘ദേ പോയി ദാ വന്നു’ എന്ന അവസ്ഥയിലാണ് മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയുള്ളത്. വ്യാഴാഴ്ചയാണ് സുരേന്ദ്രൻ പിളള ആര്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാൽ, സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ച് രാജി പിന്‍വലിച്ചതായി സുരേന്ദ്രൻ പിള്ള അറിയിച്ചിരിക്കുകയാണ്. തൊഴിലാളി സംഘടനയായ ജനതാ ലേബര്‍ യൂണിയന്റെ അധ്യക്ഷ പദവിയില്‍ നിലവില്‍ തുടരുമെന്നും സുരേന്ദ്രൻ പിള്ള വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ആർ.ജെ.ഡിയെ മുന്നണിയില്‍ അവഗണിക്കുന്നു എന്ന ചിന്ത കൊണ്ടാണ് രാജിവെച്ചത്. തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രന്‍ പിള്ള പറയുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രന്‍ പിള്ള ആര്‍.ജെ.ഡി വിടാനുള്ള തീരുമാനം മാറ്റിയതെന്ന് പറയപ്പെടുന്നു.
എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയുമായും സുരേന്ദ്രന്‍പിള്ള ചര്‍ച്ച നടത്തിയതായി പറയപ്പെടുന്നു. എന്നാല്‍ സുരേന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോണ്‍ഗ്രസും ആന്റണി രാജുവും എതിര്‍ത്തു. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. കരമന ജയനു സീറ്റ് നല്‍കാനായി ബി.ജെ.പി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രന്‍പിള്ളക്ക് ബി.ജെ.പിയിലും അവസരമില്ലാതായത്. തുടർന്നാണ് ആർ.ജെ.ഡിയിൽ തിരിച്ചുകയറാൻ തീരുമാനമെടുത്തതെന്ന് പറയുന്നു.
