രാജസ്ഥാൻ റോയൽസിനെ വിറ്റ വകയിൽ ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ലഭിക്കുക 460 കോടി

മുംബൈ: ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്നലെ രാത്രി രണ്ടു വമ്പൻ ഡീലുകളാണ് നടന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യവും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമാണ് റെക്കോഡ് തുകക്ക് ഏറ്റെടുത്തത്.

2026 സീസണുശേഷമാകും ഇരു ടീമുകളുടെയും ഉടമസ്ഥാവകാശം കൈമാറുക. കൈമാറ്റത്തിലൂടെ ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ ടീമുകളായി രാജസ്ഥാനും ബംഗളൂരുവും മാറും. ഏകദേശം 15,286 കോടി രൂപക്കാണ് (1.63 ബില്ല്യൺ യു.എസ് ഡോളർ) രാജസ്ഥാന്‍റെ വിൽപന. രാജസ്ഥാനെ വിറ്റ വകയിൽ മുൻ ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിന്‍റെ കുടുംബത്തിനും ലോട്ടറിയടിച്ചു! ഏകദേശം 460 കോടി രൂപയാണ് കുടുംബത്തിന് ലഭിക്കുക. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ കിരീടം നേടുമ്പോൾ ടീമിനെ നയിച്ചത് ഷെയിൻ വോണായിരുന്നു. രാജസ്ഥാനുമായുണ്ടാക്കിയ കരാർ പ്രകാരം പ്രതിഫലത്തിനു പുറമേ ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരിയും വോൺ ആവശ്യപ്പെട്ടിരുന്നു.

ഇതാണ് വർഷങ്ങൾക്കു ശേഷം വോണിന്റെ കുടുംബത്തിന് ലോട്ടറിയായത്. ഓരോ സീസണിലും 0.75 ശതമാനം ഓഹരികൾ വോണിനു ലഭിക്കുന്ന രീതിയിലായിരുന്നു കരാർ തയാറാക്കിയത്. നാലു സീസണുകളാണ് വോൺ രാജസ്ഥാനൊപ്പം കളിച്ചത്. ഇതോടെ ടീമിൽ ഉടമസ്ഥാവകാശം മൂന്നു ശതമാനമായി ഉയർന്നു. ടീമിന്‍റെ മുഴുവൻ ഓഹരികളും പുതിയ കൺസോർഷ്യം ഏറ്റെടുത്തതോടെ വോണിന്‍റെ കുടുംബത്തിന് 450 മുതൽ 460 കോടി രൂപ വരെ ലഭിക്കും. നാലു സീസണുകളിലായി ശമ്പളമായി 9.36 കോടി രൂപയും വോണിന് നൽകിയിരുന്നു. IntraEdge, Academian, Truyo.AI എന്നീ കമ്പനികളുടെ സ്ഥാപകനാണ് സൊമാനി.

അമേരിക്കൻ ബിസിനസുകാരനും വാൾമാർട്ട് കുടുംബാംഗവുമായ റോബ് വാൾട്ടൺ, നാഷനൽ ഫുട്ബാൾ ലീഗ് (എൻ.എഫ്.എൽ) ടീമായ ഡിട്രോയിറ്റ് ലയൺസിൽ ഭൂരിഭാഗം ഓഹരി കൈവശം വയ്ക്കുന്ന ഹാംപ് കുടുംബം എന്നിവരുടെ പിന്തുണയോടെയാണ് ഏറ്റെടുക്കൽ. ഐ.പി.എൽ 2026നുശേഷമാകും ഉടമസ്ഥാവകാശം കൈമാറുക. നേരത്തേ രാജസ്ഥാനിൽ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി. രാജസ്ഥാനെ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ആറുമാസമായി. ഒരു ബില്ല്യൺ യു.എസ് ഡോളറിലധികം തുകക്ക് വിൽക്കുന്ന ആദ്യ ഐ.പി.എൽ ടീമെന്ന റെക്കോഡും ഇതോടെ രാജസ്ഥാന്‍റെ പേരിലായി. നേരത്തേ 940 മില്ല്യൺ യു.എസ് ഡോളറിനാണ് സഞ്ജീവ് ഗോയങ്കയുടെ ആർ.പി.എസ്.ജി ഗ്രൂപ്പ് ലഖ്‌നോ സൂപ്പർ ജയന്റ്‌സിനെ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂവിന്‍റെ (ആർ.സി.ബി) വിൽപനയും അന്തിമഘട്ടത്തിലാണ്.

വിൽപന നടന്നാൽ രാജസ്ഥാനെ മറികടന്ന് ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസി എന്ന റെക്കോഡ് ആർ.സി.ബിയുടെ പേരിലാകും. അതേസമയം, പരിക്കേറ്റ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന് പകരം ശ്രീലങ്കൻ ട്വന്റി20 ടീം നായകൻ ദാസുൻ ഷനകയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ട് കോടി രൂപക്കാണ് താരത്തിന്റെ വരവ്. 2023ലായിരുന്നു ഷനകയുടെ ആദ്യത്തെയും അവസാനത്തെയും ഐ.പി.എൽ സാന്നിധ്യം. അന്ന് ഗുജറാത്ത് ടൈറ്റൻസിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം കറനെയും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയെയും സൂപ്പർതാരം സഞ്ജു സാംസണെ കൈമാറിയാണ് ടീമിലെത്തിച്ചത്.