സി.പി.എമ്മുകാരാ, ആർ.എസ്.എസും നിങ്ങളും തമ്മിൽ ഡീൽ ഉണ്ടാക്കിയ ‘പി.എം. ശ്രീ’ ഞങ്ങൾ ചവറ്റുകുട്ടയിലിടും -കെ.എം. ഷാജി
വേങ്ങര (മലപ്പുറം): യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ എം ഷാജി. ഗാന്ധിജിയെയും നെഹ്റുവിനെയും താഴെയിറക്കുന്ന പാഠപുസ്തകങ്ങളിലേക്ക് അവർ കയറിവരും. സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നും കെ.എം. ഷാജി പറഞ്ഞു.
‘നിങ്ങൾ എനിക്ക് വോട്ട് തന്നു ജയിപ്പിച്ചാൽ, ഈ സർക്കാർ അധികാരത്തിൽ വന്നാൽ, ഗാന്ധിജിയെ തള്ളിപ്പറയുകയും നെഹ്റുവിനെ താഴെയിറക്കുകയും ചെയ്യുന്ന ആ പാഠപുസ്തകങ്ങളിലേക്ക് നെഹ്റു കയറിവരും, ഗാന്ധിജി കയറി വരും. സി.പി.എമ്മുകാരാ, ആർ.എസ്.എസും നിങ്ങളും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ എന്ന പദ്ധതി വലിച്ചു ചവറ്റു കൊട്ടയിലേക്ക് ഞങ്ങൾ എറിയും. അങ്ങനെ ഒരു ആർ.എസ്.എസിന്റെ പാഠപുസ്തകം മലയാളി പഠിക്കണ്ട. അങ്ങനെ പഠിക്കണമെങ്കിൽ ഈ രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതെ ആവണം. നിങ്ങളുടെ മുമ്പിൽ വന്ന് ഞാൻ വോട്ട് ചോദിക്കുന്നത് ഈ വേങ്ങരയുടെ മാത്രം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല. അത് 25 ശതമാനം മാത്രമാണ്. അതിനപ്പുറം 75 ശതമാനവും ഈ രാജ്യത്തിനുവേണ്ടി സംസാരിക്കാനും പൊരുതാനുമുള്ള നിയമനിർമ്മാണ സഭയിലേക്കുള്ള വോട്ടാണ്’ -കെ.എം. ഷാജി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.
അതിനിടെ, സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാക്പോരിലേക്ക് വഴിമാറി. 10 മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ഡീലുണ്ടെന്നുള്ള സതീശന്റെ ആരോപണം കോൺഗ്രസ് ദേശീയ നേതൃത്വമേറ്റെടുത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡീൽ പരാമർശം നടത്തിയിരുന്നു. ഇതേതുടർന്ന്, രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച് പിണറായി വ്യാഴാഴ്ച രംഗത്തെത്തിയത് വാക്പോര് രൂക്ഷമാക്കി. രാഹുൽ ഗാന്ധി അഖിലേന്ത്യ നേതാവാണെന്നും പക്ഷേ, ഒരു പ്രാദേശിക നേതാവിന്റെ ധാരണപോലുമില്ലെന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. എത്രമാത്രം അധഃപതനമാണ് ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ പരിഹാസവുമായി വി.ഡി. സതീശൻ രംഗത്തെത്തി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗുഡ്ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി അവർക്ക് മുന്നിൽ നിൽക്കുന്നതെന്നും സതീശൻ പരിഹസിച്ചു. പിന്നാലെ വി.ഡി. സതീശനെ വ്യക്തിപരമായി ആക്രമിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുമായി പിണറായി വിജയൻ രംഗത്തെത്തി. 2006ൽ പറവൂരിൽ ആർ.എസ്.എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തുകയും ചെയ്തത് ഏത് ഡീലാണെന്ന് സതീശൻ വ്യക്തമാക്കാൻ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006ലെ പറവൂരിലെ ഡീൽ എന്തായിരുന്നെന്ന് സതീശൻ വ്യക്തമാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
പിണറായി വിജയന്റെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ സതീശൻ മറുപടിയുമായെത്തി. ലക്ഷണമൊത്തെ ആര്.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ബന്ധമുണ്ടായിരുന്നു. 1977ല്‍ ആര്.എസ്.എസ് പിന്തുണയില്‍ മത്സരിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്.എസ്.എസ് സംയുക്ത സ്ഥാനാർഥിയായിരുന്നു ആര്.എസ്.എസ് നേതാവ് കെ.ജി മാരാര്‍.
അതേ കെ.ജി. മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്. പാലക്കാട്ട് സി.പി.എം സ്ഥാനാർഥി ശിവദാസ മേനോന്റെ പ്രചാരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയനെ സതീശൻ ഓർമിപ്പിച്ചു.
