‘എസ്.ഡി.പി.ഐയെ കുറിച്ച് വേങ്ങരയിൽ വന്ന് നാല് മോശം വർത്തമാനം പറ’ -എ.കെ. ബാല​നെ വെല്ലുവിളിച്ച് കെ.എം. ഷാജി

വേങ്ങര (മലപ്പുറം): മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. ബാലൻ വക്കുപൊട്ടിയ കോടാലിയാണെന്നും രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചതെന്നും ഷാജി കുറ്റപ്പെടുത്തി. വേങ്ങര അങ്ങാടിയിൽ വന്ന് എസ്.ഡി.പി.ഐയെ കുറിച്ച് നാല് മോശം വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ഇപ്പോൾ പ്രധാനപ്പെട്ട മണിക്കൂറുകളാണ്, വളരെ പ്രധാനപ്പെട്ട സമയമാണ്. എ.കെ. ബാലന് മറുപടി പറയുന്നത് ഒരു ടൈം വേസ്റ്റ് ആക്കലാണ്. അദ്ദേഹം ഒരു വക്ക് പൂട്ടിയ കോടാലിയാണ്. സി.പി.എമ്മിൽ അത്യാവശ്യം തിരിവാടുള്ള ജി. സുധാകരനെ പോലുള്ള ആളുകളൊക്കെ മാറിക്കഴിഞ്ഞു. ബാലനെ സി.പി.എം നിയോഗിച്ചിരിക്കുന്നത് രാഷ്ട്രീയം പറയാതെ, ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ഒരു ടൂൾ ആയിട്ടാണ്. പിണറായ വിജയൻ അങ്ങനെ പറഞ്ഞു വിട്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്വന്തമായ അഭിപ്രായം ഒന്നും ഇല്ലാത്ത ആളെയല്ലേ ഇങ്ങനെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ബാലനെ അങ്ങനെ ഉപയോഗിക്കുകയാണ്.

ഞാൻ മത്സരിച്ചത് നാല് തവണയാണ്. അതൊക്കെ ആര് നിർദേശിച്ചിട്ടാ? ബാലൻ പറഞ്ഞിട്ടാണോ? അതല്ല ബാലന്റെ കമാൻഡറായ പിണറായി വിജയൻ പറഞ്ഞിട്ടാണോ? എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്. ബാലൻ ബാലന്റെ പണി എടുക്കുക എന്നാണ് യഥാർത്ഥത്തിൽ അയാളോട് പറയേണ്ടത്.

നിയമസഭയിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി ഇരുന്നവരാണ്. സമീപകാലത്ത് ഞാൻ അദ്ദേഹത്തിൽ മനസ്സിലാക്കിയ ഒരു കാര്യം, ഇന്നസെന്റ് പറഞ്ഞത് പോലെ ‘എന്തോ ഒരു കുഴപ്പം’ അയാൾക്കുണ്ട്. അല്ലെങ്കിൽ, ജമാഅത്തെ ഇസ്‍ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും എന്നൊക്കെ ഇങ്ങനെ അസ്ഥാനത്ത് പറയുന്നത് എന്തിനാ?. ബാലനോട് ഞാൻ ചോദിക്കുന്ന ഒറ്റ ചോദ്യം: ഈ വേങ്ങര അങ്ങാടിയിൽ വന്നിട്ട് എസ്ഡിപിഐയെ കുറിച്ച് നാല് മോശം വർത്തമാനം പറയാനുള്ള നട്ടെല്ല് അയാളുടെ നടുപ്പുറത്തുണ്ടെങ്കിൽ വേങ്ങരയിലേക്ക് ഞാൻ അയാളെ വിളിക്കുകയാണ്. അവരുടെ വോട്ട് വേണ്ട എന്നൊന്നും പറയണ്ട, അങ്ങനെ പറഞ്ഞ ഷാജിന്റെ നട്ടല്ലൊന്നും അയാൾക്ക് ഉണ്ടാവില്ല. എസ്ഡിപിഐയെ വേങ്ങരയിൽ വന്ന് അയാൾ തള്ളി പറയട്ടെ. എന്നിട്ട് മതി അയാളുടെ ഈ മതേതരത്ത ഗീർവാണ പ്രസംഗം’ -ഷാജി പറഞ്ഞു.

‘ഞാൻ അഴീക്കോട് മത്സരിച്ചപ്പോൾ മുസ്‍ലിം വിരുദ്ധനും കുമ്മനം ഷാജിയും ആയ എന്നെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് വോട്ട് കൊടുത്തു, ഞാൻ മലപ്പുറത്ത് എത്തുമ്പോഴേക്കും ഞാൻ മുസ്‍ലിം ഭീകരവാദിയായ എന്നെ തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് വോട്ട്, അതാണ്!. ഇടതുപക്ഷത്തിന് വോട്ട് കൊടുക്കാൻ എസ്ഡിപിഐ തീരുമാനിക്കുന്നത്, അവരുടെ ഐഡിയോളജിയെ ഇംപ്ലിമെന്റ് ചെയ്യാൻ പറ്റുന്ന ഒരു കൂട്ടം അവരാണ് എന്നതിനാലാണ്.അത്രയേ ഉള്ളൂ. ഞങ്ങൾക്ക് അതിൽ യാതൊരു ഭയവുമില്ല.

10 വർഷം ഞാൻ എംഎൽഎ ആയ ഒരാളാണ് ഞാൻ. എംഎൽഎ എന്ന പണി എന്താണെന്ന് നന്നായിട്ട് എനിക്കറിയാം. ഈ ജാതി സംഘടനകളുടെയും ഈ ജാതി പണിയുടെയും മുമ്പിൽ മുട്ടുമടക്കിയിട്ട് പോകേണ്ട അത്രമാത്രം പോരിശയാക്കപ്പെട്ട സ്ഥലമൊന്നുമല്ല കേരള നിയമസഭ എന്ന് ഞാൻ വിചാരിക്കുന്നു. ജമാഅ​ത്തെ ഇസ്‍ലാമിയുടെ വോട്ട് ​വേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടേ ഇല്ല’ -ഷാജി പറഞ്ഞു.

രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ഭയങ്കര യോഗ്യനായിട്ടുള്ള ഒരാളാണ് പിണറായി വിജ​യനെന്ന് അദ്ദേഹം പരിഹസിച്ചു. ‘വോട്ട്ചോരി പോലെ ഇന്ത്യയിലെ മർമ്മ പ്രധാനമായ ഒരു രാഷ്ട്രീയത്തെ ഇത്രമേൽ അവഗണിച്ച ഒരാൾ. നിങ്ങൾ മനസ്സിലാക്കണം, ഇദ്ദേഹത്തിന് വിമർശിക്കാൻ നല്ല കുറെ ആളുകളുണ്ട്, അവരാണ് മൈക്ക് ഓപ്പറേറ്റർമാരും വീടുപോലും തേക്കാൻ യോഗ്യതയില്ലാത്ത മനുഷ്യനും. ആ മനുഷ്യനോട് താൻ പോയി വീട്ടിൽ ചോദിക്കടാ എന്ന് പറഞ്ഞ, ഇത്ര വിലകുറഞ്ഞ ഒരു രാഷ്ട്രീയ നേതാവിനെ ഇന്ത്യ കണ്ടിട്ടുണ്ടാവില്ല. പിണറായി ചെയ്യാൻ പോകുന്ന ഏറ്റവും വലിയ സേവനം എന്താണെന്നറിയോ? ഇടതുപക്ഷം എന്ന് പറയുന്ന പക്ഷത്തിന്റെ കഥ കഴിക്കാനുള്ള ശ്രമമാണ് എന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ പിടിയിലല്ല ഇടതുപക്ഷം എന്നുള്ളതുകൊണ്ട് മാത്രം കേരളത്തിൽ അത് ബാക്കിയുണ്ടാവും’ -കെ.എം. ഷാജി പറഞ്ഞു.