മുകേഷ് അംബാനി മുതൽ ഷാരൂഖ് ഖാൻ വരെ; ഐ.പി.എൽ ടീം ഉടമകളുടെ ആസ്തി വിവരം പുറത്ത്

ഹൈദരാബാദ്: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എല്ലിന്റെ പുതിയ സീസൺ മാർച്ച് 28 മുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിച്ചു. 13 വേദികളിലായി 70 ലീഗ് മത്സരങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസസ് ഹൈദരാബാദിനെ തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യ വിജയം സ്വന്തമാക്കി. എന്നാൽ മത്സരത്തേക്കാൾ പുതിയ ചൂടുള്ള ചർച്ചക്ക് വഴിവെച്ചത് ടീം ഉടമകളും അവരുടെ ആസ്തിയുമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപന്മാരാണ് ഐ.പി.എൽ ടീമുകളെ നിയന്ത്രിക്കുന്നത്. 2026ലെ കണക്കനുസരിച്ച് ടീം ഉടമകളും അവരുടെ ഏകദേശ ആസ്തി വിവരങ്ങളും താഴെ നൽകുന്നു.

മുംബൈ ഇന്ത്യൻസ്

ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം ഉയർത്തിയ മുംബൈ ഇന്ത്യൻസിന്റെ ഉടമയാണ് മുകേഷ് അംബാനി. ലോകത്ത് തന്നെ വലിയ ബിസിനസ് ശൃംഖലയുള്ള അംബാനിയുടെ ഏകദേശ ആസ്തി 9,07,270 കോടി രൂപയാണ്.

സൺറൈസേഴ്സ് ഹൈദരാബാദ്

1993ൽ ചെന്നൈയിൽ സ്ഥാപിതമായ സൺ ടി.വി നെറ്റ്‌വർക്ക് ഉടമ കലാനിധി മാരനാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമ. നിരവധി ടെലിവിഷൻ ചാനലുകൾ, റേഡിയോ സ്റ്റേഷൻ, പത്രം തുടങ്ങിയ മേഖലയിൽ വളർച്ച കൈവരിച്ച കലാനിധി മാരന്റെ ഏകദേശ ആസ്തി 1,23,387 കോടി രൂപയാണ്. മകൾ കാവ്യ മാരനാണ് ടീമിന്റെ മേൽനോട്ടം വഹിക്കുന്നത്.

പഞ്ചാബ് കിങ്‌സ്

മോഹിത് ബർമ്മൻ, നെസ് വാഡിയ, പ്രീതി സിന്റ തുടങ്ങിയവരാണ് പഞ്ചാബ് കിങ്‌സിന്റെ പ്രധാന ഉടമകൾ. യഥാക്രമം 94,640 കോടി, 62,790 കോടി, 1,273 കോടി എന്നിങ്ങനെയാണ് ടീം ഉടമകളുടെ ആസ്തി. ശ്രേയസ് അയ്യരാണ് ടീം കാപ്റ്റൻ.

ലഖ്നൗ സൂപ്പർ ജയന്റ്സ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത് നായകനായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ ആസ്തി 44,590 കോടി രൂപയാണ്. 2025ൽ 27 കോടി രൂപയെന്ന റെക്കോഡ് തുകക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് റിഷബ് പന്തിനെ ടീം സ്വന്തമാക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥാതയിലുള്ള ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് തവണയാണ് കിരീടം ഉയർത്തിയത്. ടീം ഉടമയായ ഷാരൂഖ് ഖാന് 12,000 കോടി രൂപയുടെ ആസ്തിയുണ്ട്. സഹ ഉടമ ജയ് മേത്തക്ക് 7,790 കോടി രൂപയുടെ ആസ്തിയുണ്ട്. ഐ.പി.എല്ലിന്റെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസുമായി പൊരുതി തോറ്റ ടീം വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ചെന്നൈ സൂപ്പർ കിങ്‌സ്

അഞ്ച് തവണ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് കടുത്ത വെല്ലുവിളിയുമായി എത്തുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ക്രിക്കറ്റ് ചരിത്രത്തിലെ എൽ ക്ലാസിക്കോ മത്സരമെന്ന് വിശേഷിപ്പിക്കാവുന്നത് മുംബൈയും ചെന്നൈയും നേർക്കുനേർ വരുമ്പോഴാണ്. മുൻ ബി.സി.സി.ഐ, ഐ.സി.സി ചെയർമാനും പ്രസിഡന്റുമായ എൻ. ശ്രീനിവാസനാണ് ടീം ഉടമ. 7,200 മുതൽ 8,000 കോടി രൂപ വരെയാണ് ശ്രീനിവാസന്റെ ആസ്തി.

ഡൽഹി ക്യാപിറ്റൽസ്

ജി.എം.ആർ – ജെ.എസ്.ഡബ്ല്യു ഗ്രൂപ്പുകളുടെ കീഴിലുള്ള ടീമിന്റെ പ്രധാന ഉടമ കിരൺ കുമാർ ഗ്രന്ഥിയാണ്. 2,00,200 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ഗുജറാത്ത് ടൈറ്റൻസ്

ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനവും ഷെയർ കൈവശമുള്ളത് ടോറന്റ് ഗ്രൂപ്പിനാണ്. ഗ്രൂപ്പിന്റെ ഉടമ ജിനൽ മേത്തക്ക് ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ടീമിന്റെ ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റൻസ് തൊട്ടടുത്ത വർഷം രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്, ശുഭം ഗില്ലാണ് ടീം നായകൻ.

പുതിയ മാറ്റങ്ങളുമായി ആർ.സി.ബിയും രാജസ്ഥാനും

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇപ്പോൾ ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലാണ്. അനന്യ ബിർളായാണ് ടീമിന്റെ അമരത്തുള്ളത്. ഏകദേശം 1.78 ബില്യൺ ഡോളറിനാണ് ഇവർ ആർ.സി.ബിയെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെ കാൽ സോമനിയുടെ നേതൃത്വത്തിലുള്ള ആഗോള നിക്ഷേപക ഗ്രൂപ്പ് 1.63 ബില്യൺ ഡോളറിന് ഏറ്റെടുത്തു.

വെറുമൊരു ക്രിക്കറ്റ് ടൂർണമെന്റ് എന്നതിലുപരി കോടികളുടെ ബിസിനസ്സ് സാമ്രാജ്യമായി ഐ.പി.എൽ മാറിക്കഴിഞ്ഞു. അതിനാൽ തന്നെ 2026 സീസൺ സാമ്പത്തികമായും കായികമായും പുതിയ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.