വർധിച്ചുവരുന്ന വിദ്യാർഥി കുടിയേറ്റത്തിന് കാരണം പിണറായി സർക്കാർ -സച്ചിന്‍ പൈലറ്റ്



തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വിദ്യാർഥി കുടിയേറ്റത്തിന് കാരണം പിണറായി സർക്കാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. 2018ൽ 1,30,000 വിദ്യാർഥികൾ വിദേശങ്ങളിലേക്ക് കുടിയേറിയെന്നാണ് കേരള മൈഗ്രേഷൻ സർവേ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി അധികാരത്തിൽവന്നതിനുശേഷം, 2023ൽ ഈ കണക്ക് 2,50,000 ആയി ഉയർന്നു. ഇക്കാര്യങ്ങളിൽ സർക്കാർ കാണിച്ച പിടിപ്പുകേടാണ് വിദ്യാർഥി കുടിയേറ്റത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ളത് കേരളത്തിലാണ്. എന്നാൽ ആ സാക്ഷരരായ കുടുംബങ്ങൾക്ക് എന്ത് പരിഗണനയാണ് കേരണത്തിൽ ലഭിക്കുന്നതെന്ന ചോദ്യവും പൈലറ്റ് ഉന്നയിച്ചു.

ഇതൊരു വെറും കുടിയേറ്റമല്ല, മറിച്ച് പലായനമാണ്. സംസ്ഥാനത്ത് തങ്ങൾക്ക് ഭാവിയില്ലെന്നോ അവസരങ്ങളില്ലെന്നോ ആളുകൾ തിരിച്ചറിയുമ്പോൾ നാടുവിടാൻ നിർബന്ധിതരാക്കുന്നു. കേരളത്തിലുള്ള അവസരങ്ങളുടെ അഭാവം, മൂലധന ശോഷണം, സർക്കാറിന്റെ നിക്ഷേപക്കുറവ് എന്നീ കാരണങ്ങൾ വേറെ. വിദ്യാസമ്പന്നരായ യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്പദ്‌വ്യവസ്ഥയിൽ സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്, എന്നാൽ അതുണ്ടായില്ല. -സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനമായി ഉയര്‍ന്നുവെന്നും ദേശീയ ശരാശരിയായ 10 ശതമാനത്തെ മറികടന്നുവെന്നും പറഞ്ഞു. സ്ത്രീകളുടെ തൊഴിലില്ലായ്മ 47 ശതമാനമാണെന്നും സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലുണ്ടായ ദോഷവശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പൈലറ്റ്, പിണറായി സർക്കാറിനെ ശക്തമായ രീതിയിൽ വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവലിന്‍ അഴിമതി കേസ് സുപ്രീം കോടതിയില്‍ 37 തവണ മാറ്റിവെച്ചതും കേന്ദ്രസര്‍ക്കാരുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു. പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നതെന്നും ബി.ജെ.പിക്കും സി.പി.എമ്മിനും ഇടയില്‍ രഹസ്യധാരണയുണ്ടെന്ന വാദം ശരിവെക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.

സംസ്ഥാനം എടുക്കുന്ന വായ്പകളില്‍ ഏകദേശം 94 ശതമാനം പഴയ കടങ്ങള്‍ അടയ്ക്കാനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എൽ.ഡി.എഫിന്റെ പത്ത് വര്‍ഷത്തെ ഭരണകാലത്ത് വ്യാപകമായ അഴിമതിയും ദുര്‍ഭരണവും നിലനില്‍ക്കുന്നുവെന്നും കെ.പി.സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വിമർശിച്ചു.