കൊ​ടു​ങ്കാ​റ്റി​ൽ ചെ​ങ്കോ​ട്ട കു​ലു​ങ്ങു​മോ?


കൊടുങ്കാറ്റിലും കുലുങ്ങാത്ത ഇടതു മണ്ഡലം എന്നാണ് ചേലക്കര അറിയപ്പെടുന്നത്. ഇടതുവിരുദ്ധ തരംഗമ‍ുണ്ടായ തെരഞ്ഞെടുപ്പുകളിൽ പോലും ചേലക്കര എൽ.ഡി.എഫിൽ ഉറച്ചു നിന്നിട്ടുണ്ട്. അതിനാൽ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണ് ചേലക്കരയെന്നാണ് എൽ.ഡി.എഫ് പ്രചാരണം.നല്ല രീതിയിൽ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ചേലക്കര പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എം.എൽ.എ.യെ തെരഞ്ഞെടുക്കാൻ ചേലക്കരക്കാർ ഒന്നര വർഷത്തിനിടെ ഒരിക്കൽക്കൂടി പോളിങ്‌ ബൂത്തിലെത്തുകയാണ്.

2024ലെ ഉപതെരഞ്ഞെടുപ്പിലെ വിജയി യു.ആർ. പ്രദീപ് തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ലീഗ് സ്വതന്ത്രനെ നിർത്തിയാണ് ഇത്തവണ യു.ഡി.എഫ് മത്സരം. കോൺഗ്രസ് നേതാവും യുവാവുമായ ശിവൻ വീട്ടിക്കുന്നാണ് സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പിൽ 33,000 വോട്ട് നേടി വൻ മുന്നേറ്റം നടത്തിയ കെ. ബാലകൃഷ്‌ണൻ തന്നെയാണ് ഇത്തവണയും എൻ.ഡി.എ സ്‌ഥാനാർഥി. 2024ലെ ഉപതെരഞ്ഞെടുപ്പുൾപ്പെടെ അടുത്തിടെ നടന്ന ഏഴ് തെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ചതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. രണ്ടു തവണ മികച്ച ഭൂരിപക്ഷത്തിൽ ജയം നേടിയ പ്രദീപിന് തന്നെയാണ് ഇത്തവണയും അവസരമെന്നാണ് എൽ.ഡി.എഫ് പ്രചാരണം.ഇടതുപക്ഷ സര്‍ക്കാറിന്റെ നയങ്ങളും വികസനവുമെല്ലാം അതില്‍ കടന്നുവരുന്നു. ചേലക്കരക്ക് പകരം വെക്കാനില്ലാത്ത നായകനായി മാറിയിരിക്കുകയാണ് പ്രദീപ്. ഇടതു ഭരണകാലത്ത് ചേലക്കരയിൽ എല്ലാ മേഖലയിലും മാറ്റം വന്നു. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അവർ പറയുന്നു.

2016-21 കാലഘട്ടത്തിൽ എം.എൽ.എ ആയപ്പോഴും ഇപ്പോഴും പ്രദീപ് നിലനിർത്തുന്ന ജനകീയത നിഷ്പക്ഷ വോട്ടുകളെയും തങ്ങൾക്ക് അനുകൂലമാക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നു.‘ചേലക്കരയുടെ ചേലായി നമ്മുടെ ശിവൻ’ എന്നാണ് യു.ഡി.എഫ് പ്രചാരണം. ശിവൻ വീട്ടിക്കുന്നിന് ഒരവസരം നൽകിയാൽ പുതു ചേലക്കരയുടെ മാറ്റങ്ങൾക്കുള്ള തുടക്കമാവുമെന്നും യു.ഡി.എഫ് പറയുന്നു. ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്താണ് ഇത്തവണ ചേലക്കര പിടിക്കാൻ യു.ഡി.എഫ് പ്രവർത്തിക്കുന്നത്.

2021ൽ കെ. രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഏറെ പിന്നിലാണെങ്കിലും 12,000ത്തിലധികം വോട്ടിനാണ് പ്രദീപ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലെ വ്യത്യാസം വീണ്ടും കുറഞ്ഞു. ഇത് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. യു.ഡി.എഫിന്റെ സ്വപ്നങ്ങൾക്ക് കനംവെക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളാണ്.കുടിവെള്ളത്തിനും ടൂറിസത്തിനും പ്രാധാന്യം നൽകിയുള്ള വികസനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നാണ് ശിവൻ വീട്ടിക്കുന്നിന്റെ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ വികസന മുരടിപ്പിന് പരിഹാരം കാണുമെന്നും ഉറപ്പ് നൽകുന്നു.

ചേലക്കരയില്‍ തൃശൂര്‍ ആവര്‍ത്തിക്കുമെന്നാണ് എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണന്‍ പറയുന്നത്. കേരളത്തിന് പുറത്ത് ഒരുമിച്ച് നില്‍ക്കുന്നവര്‍ ഇവിടെ ഡീലെന്ന് ആരോപിക്കുന്നു. ചേലക്കരയില്‍ ബി.ജെ.പിക്ക് കൃത്യമായ പ്ലാന്‍ ഉണ്ട്. എല്ലാ വിഭാഗങ്ങളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.പൊള്ളുന്ന വെയിലിലും പ്രചാരണത്തിൽ മുന്നിലെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ഇത്തവണ ചേലക്കര ഇടതു സ്വഭാവം മാറ്റുമോയെന്ന് കണ്ടറിയണം.

യു.ആർ. പ്രദീപ്(എൽ.ഡി.എഫ്)

പഠനകാലത്ത് എസ്.എഫ്.ഐ അംഗം. 1998ൽ ഡി. വൈ.എഫ്.ഐയിൽ. 2000 മുതൽ സി.പി.എം അംഗം. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും ഭരണസമിതി അംഗമായും പ്രവർത്തിച്ചു. 2009 മുതൽ 2011 വരെ ദേശമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ്. പിന്നീട് ബാങ്ക് ഡയറക്ടറുമായി. സി.പി.എം ദേശമംഗലം ചേലക്കര ഏരിയ കമ്മിറ്റി അംഗം, പട്ടികജാതി ക്ഷേമസമിതി ജില്ല കമ്മിറ്റി അംഗം. 2016ൽ ചേലക്കരയിൽ ആദ്യ മത്സരത്തിൽ വിജയം. 2024ലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും എം.എൽ.എ.

ശിവൻ വീട്ടിക്കുന്ന് (യു.ഡി.എഫ്)

2001ൽ കോൺഗ്രസ് യൂനിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കൊണ്ടാഴി മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ചേലക്കര നിയമസഭ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള ദലിത് യുവജന ഫെഡറേഷൻ ജില്ല പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ചേലക്കര നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൊണ്ടാഴി സഹകരണ ബാങ്ക് പ്രസിഡന്റ്, നിരവധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളിലും ക്ഷേത്ര കമ്മിറ്റികളിലും ഭാരവാഹി.

കെ. ബാലകൃഷ്ണന്‍ (എൻ.ഡി.എ)

ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയ പ്രവേശം. മുഖ്യശിക്ഷകായിട്ടായിരുന്നു തുടക്കം. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി, പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. തിരുവില്വാമല പഴശ്ശിരാജ സ്‌കൂളിലെ പി.ആര്‍.ഒ ആണ്. നിലവില്‍ ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റ്. തിരുവില്വാല ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബറും വൈസ് പ്രസിഡന്റുമായിരുന്നു. നിയമസഭയിലേക്ക് രണ്ടാം മത്സരം.